കൊടുവള്ളി വില്ലേജ് ഓഫിസർ അവധിയിൽ പ്രവേശിച്ചിട്ട് മൂന്നു മാസം
text_fieldsകൊടുവള്ളി വില്ലേജ് ഓഫിസ്
കൊടുവള്ളി: ദിനംപ്രതി നൂറു കണക്കിനാളുകൾ വിവിധ ആവശ്യങ്ങൾക്കായെത്തുന്ന കൊടുവള്ളി വില്ലേജ് ഓഫിസിൽ മൂന്നു മാസത്തിലധികമായി വില്ലേജ് ഓഫിസറില്ല. നിലവിലുണ്ടായിരുന്ന രാമനാട്ടുകര സ്വദേശിയായ വില്ലേജ് ഓഫിസർ ഫെബ്രവരി മുതൽ അവധിയിൽ പ്രവേശിച്ചതോടെയാണ് വില്ലേജ് ഓഫിസ് നാഥനില്ല കളരിയായി മാറിയത്.
ഇതുമൂലം വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർ ദുരിതംപേറുകയാണ്. നേരത്തെയുണ്ടായിരുന്ന വില്ലേജ് ഓഫിസർ സ്ഥലം മാറി പോയതെതോടെയാണ് നിലവിലെ വില്ലേജ് ഓഫിസർ ചാർജെടുത്തത്. എന്നാൽ, കുറച്ച് ദിവസങ്ങൾക്ക് ശേഷം അവധിയിൽ പ്രവേശിക്കുകയായിരുന്നു. പകരമായി പുത്തൂർ, വാവാട് വില്ലേജ് ഓഫിസർമാർക്കും ഒരു സ്പെഷൽ വില്ലേജ് ഓഫിസറുമായിരുന്നു ചുമതലയുണ്ടായിരുന്നത്.
വില്ലേജ് ഓഫിസറില്ലാത്തതിനാൽ ഫയലുകൾ കെട്ടിക്കിടക്കുന്ന അവസ്ഥയാണുള്ളതെന്നും വരുമാന സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ നീറ്റ് പരീക്ഷക്ക് അപേക്ഷിക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടായതായും പരാതിയുണ്ട്.
മറ്റ് ആവശ്യങ്ങൾക്കായി വരുന്നവർക്കും സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ളവ ലഭിക്കാൻ കാലതാമസമെടുക്കുകയാണ്. പുത്തൂർ വില്ലേജ് ഓഫിസർക്കാണ് ഇപ്പോൾ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്. എന്നാൽ, ഇദ്ദേഹത്തിനു വളരെ ചുരുങ്ങിയ സമയം മാത്രമേ കൊടുവള്ളിയിൽ പ്രവർത്തിക്കാൻ സാധിക്കുന്നുള്ളു. പുതിയ വില്ലേജ് ഓഫിസറെ നിയമിക്കാൻ സർക്കാർ തയാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.