പ്രചാരണം അവസാന ഘട്ടത്തിലേക്ക് കൊടുവള്ളിയിൽ 45,450 വോട്ടർമാർ
text_fieldsകൊടുവള്ളി: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പരിപാടികൾ അവസാനഘട്ടത്തിലേക്ക്. ചൊവ്വാഴ്ച വൈകീട്ട് പരസ്യപ്രചാരണം അവസാനിക്കും. തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങളും പൂർത്തിയായി വരുന്നുണ്ട്. 37 ഡിവിഷനുകളുള്ള കൊടുവള്ളി നഗരസഭയിൽ ആകെ 121 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 21,669 പുരുഷ വോട്ടർമാരും 23,781 സ്ത്രീ വോട്ടർമാരുമടക്കം 45,450 വോട്ടർമാരാണുള്ളത്.
ആകെ 37 ബൂത്തുകൾ ഒരുങ്ങും. ഡിവിഷൻ 13 മുക്കിലങ്ങാടിയിലാണ് (1667) ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത്. ചുണ്ടപ്പുറം 15ാം ഡിവിഷനിൽ 1582 വോട്ടർമാരുണ്ട്. വാവാട് സെന്റർ 35 ഡിവിഷനിലാണ് ഏറ്റവും കുറവ് വോട്ടർമാർ (832).
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തിൽ 19 ഡിവിഷനുകളാണുള്ളത്. ഇവിടെ 68 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. കിഴക്കോത്ത് ഗ്രാമപഞ്ചായത്തിൽ 20 വാർഡുകളിലായി 62 പേരാണ് മത്സരരംഗത്തുള്ളത്. 13,824 പുരുഷ വോട്ടർമാരും 15,319 സ്ത്രീ വോട്ടർമാരും അടക്കം 29,143 വോട്ടർമാരാണുള്ളത്. 40 ബൂത്തുകളാണ് വോട്ടെടുപ്പിനായി ഒരുക്കുക. എളേറ്റിൽ ഏഴാം വാർഡിലാണ് (1654) ഏറ്റവും കൂടുതൽ വോട്ടർമാർ. തൊട്ടു താഴെ മറവി വീട്ടിൽ താഴെ പതിനേഴാം വാർഡിൽ 1,641 വോട്ടർമാരുണ്ട്. പരപ്പാറ പതിനാറാം വാർഡിലാണ് (1,225 ) ഏറ്റവും കുറച്ച് വോട്ടർമാരുള്ളത്.
മടവൂർ ഗ്രാമപഞ്ചായത്തിൽ 19 വാർഡുകളാണുള്ളത്. ഇവിടെ 60 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. 38 ബൂത്തുകളാണ് വോട്ടെടുപ്പിനായി സജ്ജീകരിക്കുക. 12,603 പുരുഷ വോട്ടർമാരും 13,194 സ്ത്രീ വോട്ടർമാരും ഒരു ട്രാൻസ്ജെൻഡറുമടക്കം 25,798 വോട്ടർമാരാണുള്ളത്. പുല്ലോരമൽ 18ാം വാർഡിലാണ് ഏറ്റവും കൂടുതൽ വോട്ടർമാരുള്ളത് (1559). 1246 പേരുള്ള ആരാമ്പ്ര പതിനാലാം വാർഡിലാണ് ഏറ്റവും കുറച്ച് വോട്ടർമാർ.
കൊടുവള്ളി ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളുടെയും നഗരസഭയിലെയും വോട്ടുയന്ത്രങ്ങളിലെ സ്ഥാനാർഥി സെറ്റിങ് ബുധനാഴ്ച പൂർത്തിയാക്കിയിട്ടുണ്ട്. കൊടുവള്ളി ബ്ലോക്ക് പരിധിയിലെ ഗ്രാമപഞ്ചായത്തുകളുടെ വോട്ടെണ്ണൽ കേന്ദ്രം കെ.എം.ഒ ഹൈസ്കൂളാണ്. കൊടുവള്ളി നഗരസഭയിലെ വോട്ടെണ്ണൽ കേന്ദ്രം കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ്.
ഇവിടെ വെച്ച് ബുധനാഴ്ച രാവിലെ മുതൽ വോട്ടുയന്ത്രങ്ങളും സാമഗ്രികളും പോളിങ് ഉദ്യോഗസ്ഥർക്ക് കൈമാറും. വോട്ടെടുപ്പിന് ശേഷം ഇതേ കേന്ദ്രത്തിൽതന്നെയാണ് ഇവ തിരിച്ചേൽപിക്കേണ്ടത്. കനത്ത സുരക്ഷയിലാണ് വോട്ടുയന്ത്രങ്ങൾ സ്കൂളുകളിൽ സജ്ജീകരിച്ച സ്ട്രോങ് റൂമുകളിൽ സൂക്ഷിക്കുക.
കൊടുവള്ളി പൊലീസ് സ്റ്റേഷൻ പരിധിയിൽ കൊടുവള്ളി ജി.എം.എൽ.പി സ്കൂൾ, ഓമശ്ശേരി പുത്തൂർ ജി.എൽ.പി. സ്കൂൾ, നരിക്കുനി ഒടുപാറ എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ ബൂത്തുകൾ പൊലീസ് പ്രശ്നബാധിത ബൂത്തുകളായി കണക്കാക്കിയിട്ടുണ്ട്.


