ആധുനിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രവുമായി സ്റ്റാർട്ടപ് സംരംഭം
text_fieldsഒപുലൻസ് ടെക്നോളജി വികസിപ്പിച്ച കാലാവസ്ഥ നിരീക്ഷണ ഉപകരണം
കൊടുവള്ളി: ചെലവ് കുറഞ്ഞതും എളുപ്പം കൈകാര്യം ചെയ്യാൻ കഴിയുന്നതുമായ ആധുനിക കാലാവസ്ഥ നിരീക്ഷണ കേന്ദ്രവുമായി സ്റ്റാർട്ടപ്പ് സംരഭം. കടലിലും ഉരുൾപൊട്ടൽ സാധ്യതയുള്ളതും കനത്ത മഴ സാധ്യതയുള്ളതുമായ കാടുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും സ്ഥാപിക്കാൻ കഴിയുന്നതും മൊബൈൽ ഫോണും കമ്പ്യൂട്ടറും വഴി വിദൂരങ്ങളിൽനിന്ന് നിയന്ത്രിക്കാവുന്നതുമായ സംവിധാനമാണ് ഒപുലൻസ് ടെക്നോളജി വികസിപ്പിച്ചിച്ചെടുത്തത്.
സർക്കാർ സ്ഥാപനമായ സി.ഡബ്ല്യൂ.ആർ.ഡി.എമ്മിന്റെ സഹകരണത്തോടെയാണ് പുതിയ സംവിധാനം ഒരുക്കിയിരിക്കുന്നത്. കാലാവസ്ഥ മാറ്റം തൽസമയം അറിയുന്നതിനും നേരത്തെ ശേഖരിച്ച വിവരണം പിന്നീട് ഉപയോഗിക്കുന്നതിനും സാധിക്കും. നിലവിലുള്ള കാലാവസ്ഥ നിരീക്ഷണ സംവിധാനത്തിനുള്ള പല ന്യൂനതകളും പരിഹരിച്ചതുമായ പുതിയ കേന്ദ്രത്തിന് വില വളരെ കുറവാണെന്നതാണ് പ്രത്യേകത. മഴയുടെ അളവ്, അന്തരീക്ഷ ഊഷ്മാവ്, ആർദ്രത, മണ്ണിന്റെ താപനിലതുടങ്ങിയ നിരീക്ഷിക്കുന്ന സംവിധാനത്തിന് ഒന്നര ലക്ഷം രൂപ മുതൽ വില വരുമെന്നിരിക്കെ പുതിയ സംവിധാനത്തിന് 25000 രൂപ മുതലാണ് ചെലവ് വരുന്നത്. സ്കൂളുകൾ, സർക്കാർ ഓഫിസുകൾ, പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും ഇവ സ്ഥാപിച്ചാൽ കുറഞ്ഞ സ്ഥലപരിധിയിൽ നിന്നുള്ള കാലാവസ്ഥാമാറ്റമടക്കം മുൻകൂട്ടി പ്രവചിക്കാൻ കഴിയുകയും ഇതിനനുസരിച്ച് മുൻകരുതൽ നടപടി സ്വീകരിക്കാൻ കഴിയുകയും ചെയ്യും.
പുതിയ സംവിധാനത്തിൽ നിന്നും വിവരങ്ങൾ (ഡേറ്റ) എടുക്കാനും വിശകലനം ചെയ്യാനും വളരെ എളുപ്പമാണന്നതും പ്രത്യേകതയാണ്. ഒന്നിൽ കൂടുതൽ കേന്ദ്രം സ്ഥാപിച്ചാൽ അതെല്ലാം ഒരേ ഡാഷ്ബോർഡിൽ നിന്നും മോണിറ്റർ ചെയ്യാൻ സാധിക്കും. കാടുകളിലും മറ്റും വയ്ക്കു ന്ന കേന്ദ്രങ്ങൾക്ക് നെറ്റ്വർക്ക് കവറേജ് ഇല്ലാത്തതാണെങ്കിൽ സെർവറിലേക്ക് ഡേറ്റ വരാൻ ബുദ്ധിമുട്ടാണ്. ഇവ പെൻഡ്രൈവോ മെമ്മറി കാർഡോ വഴി ശേഖരിച്ച് കമ്പ്യൂട്ടറിൽ കണക്ട് ചെയ്യുന്ന രീതിയാണ് നിലവിലുള്ളത്. പുതിയ സംവിധാനത്തിൽ മൊബൈൽ ആപ്പ് വഴി കേന്ദ്രത്തിൽ നിന്ന് സിംങ് ചെയ്യുന്നയാൾ നെറ്റ്വർക്കിലേക്ക് വരുമ്പോൾ ഡേറ്റ സ്വമേധയാ സെർവറിലേക്ക് അപ്ലോഡ് ആവുന്നതാണ്. സാധാരണക്കാർക്ക് പോലും എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് പുതിയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ സംവിധാനമെന്ന് ഒപുലൻസ് ടെക്നോളജി ഉടമയായ റഷീദ് മുഹമ്മദ് പറഞ്ഞു.