സംഘാടന മികവിൽ കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റ്
text_fieldsകൊടുവള്ളിയിൽ കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിനായി നിർമിച്ച ഗാലറി
കൊടുവള്ളി: കാൽപന്ത് കളി ഒരു നാടിന്റെ ഉത്സവമായി മാറിയതിന്റെ കഥയാണ് കൊയപ്പ അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് പറയാനുള്ളത്. ലൈറ്റ് നിങ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് ഓരോ വർഷവും ഒരുമാസം നീളുന്ന ഫുട്ബാൾ മേള സംഘടിപ്പിക്കുന്നത്. പൂനൂർ പുഴയോരത്തുള്ള കൊടുവള്ളി നഗരസഭയുടെ ഫ്ലഡ് ലിറ്റ് മിനി സ്റ്റേഡിയത്തിലാണ് പതിനായിരത്തിലേറെ പേർക്ക് ഇരുന്ന് കളി കാണാനുള്ള ഗാലറി നിർമിക്കുന്നത്. കാൽപനികതയുടെ ഭാവം ചാർത്തി കഴിഞ്ഞ 39 വർഷമായിട്ടും ആവേശം ഒട്ടും ചോരാത്ത കൊയപ്പ ഫുട്ബാൾ കൊടുവള്ളിയുടെ സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായി കഴിഞ്ഞു.
ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, കാമറൂൺ, ഘാന, ഐവറി കോസ്റ്റ്, സുഡാൻ എന്നിവിടങ്ങളിലെയും സംസ്ഥാന-ഇന്ത്യൻ താരങ്ങളെല്ലാം കൊടുവള്ളിയുടെ മണ്ണിൽ ഓരാ വർഷവും ബൂട്ടണിയുന്നുണ്ട്. കൊടുവള്ളിയിലെ ഫുട്ബാൾ ഭ്രാന്തിന്റെ പ്രതികമായിരുന്നു കൊയപ്പ അഹമ്മദ് കുഞ്ഞി ഹാജി. നാടും നഗരവും താണ്ടി ബംഗുളൂരുവിലും മുംബൈയിലും കൽക്കട്ടയിലും സന്തോഷ് ട്രോഫി, നാഗ്ജി തുടങ്ങിയ കളികൾ കാണാൻ കൊയപ്പ ഹാജിക്ക് പ്രതിബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഇത് തന്നെയാണ് കൊടുവള്ളിയുടെ ഫുട്ബാൾ മാമാങ്കത്തിനും ഹാജിയുടെ പേർ നൽകാൻ കാരണമായത്.
1971ൽ കൊയപ്പ ഹാജിയുടെ ആകസ്മികമായ നിര്യാണത്തെതുടർന്നാണ് കൊടുവള്ളിയിൽ കൊയപ്പ സ്മാരക അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന് തുടക്കം കുറിച്ചത്.
ടൂർണമെന്റിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ നല്ലൊരു ശതമാനം സന്നദ്ധ- ക്ഷേമപ്രവർത്തനങ്ങൾക്കായാണ് ഉപയോഗിക്കുന്നത്. ഫുട്ബാൾ പരിശീലന ക്യാമ്പുൾപ്പെടെയുള്ള പരിപാടികളും ക്ലബിന്റെ നേതൃത്വത്തിൽ നടത്തിവരുന്നു.