ജല അറോറിറ്റിയുടേതുൾപ്പെടെ കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന ചെറുപുഴയിൽ കോളിഫോം ബാക്ടീരിയ സാന്നിധ്യം; പുഴയിൽ പച്ച നിറത്തിലുള്ള പാട
text_fieldsചെറുപുഴയിലൂടെ ഒഴുകുന്ന പച്ചനിറത്തിലുള്ള മാലിന്യം
കൊടുവള്ളി: ജല അതോറിറ്റിയുടെയും എൻ.ഐ.ടി സ്ഥാപനങ്ങളുടെയും മറ്റും ഒട്ടേറെ കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന ചെറുപുഴയിൽ പച്ചനിറത്തിലുള്ള മാലിന്യം കലർന്ന് ഒഴുകുന്നു. ഏതാനും ദിവസമായി ഈ പ്രതിഭാസം കണ്ടുതുടങ്ങിയിട്ടെന്നാണ് പുഴയോരവാസികൾ പറയുന്നത്. ഇത് കുടിവെള്ള പദ്ധതികളുടെ പ്രവർത്തനത്തെ ബാധിക്കുകയും ജനങ്ങളിൽ വലിയ ആശങ്കക്കിടയാക്കുകയും ചെയ്യുന്നു. പുഴ ഒഴുകുന്ന വെളിമണ്ണ, പോർങ്ങോട്ടൂർ, മാനിപുരം, കുറുങ്ങാട്ട് കടവ് ഉൾപ്പെടെ പുഴവെള്ളത്തിന് പച്ചനിറവും ദുർഗന്ധവുമുണ്ട്. കുളിക്കാനും അലക്കാനുമെല്ലാം എത്തുന്നവർ രോഗഭീതിയിലാണ് കഴിയുന്നത്.
മാനിപുരത്ത് ചെറുപുഴയുടെ തീരത്ത് താമസിക്കുന്ന വ്യക്തിയുടെ കിണറിൽ വെള്ളം കിട്ടാതായപ്പോൾ പുഴയോരത്ത് കുഴിച്ച് വെള്ളം ശേഖരിച്ചിരുന്നു. ഈ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെട്ടപ്പോഴാണ് പ്രശ്നം നാട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. തുടർന്ന് പുഴ നിരീക്ഷിച്ചപ്പോൾ എണ്ണമയമുള്ള പച്ചനിറത്തിലുള്ള പാട പുഴയിൽ പരന്നുകിടക്കുന്നത് കണ്ടു. ഇതിന് ദുർഗന്ധവും ഉണ്ടായിരുന്നു. എൻ.ഐ.ടിയുടെ പമ്പ് ഹൗസിന് ചുറ്റും പച്ചനിറത്തിലുള്ള പാട നിറഞ്ഞിരിക്കുകയാണ്. കൂടത്തായി ഭാഗത്തും ഇതേ അവസ്ഥയുണ്ട്. ഇതിനും മുകൾ ഭാഗത്തുനിന്നാണ് മാലിന്യം ഒഴുകിവരുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇതേത്തുടർന്ന് നാട്ടുകാർ കൊടുവള്ളി നഗരസഭയിലും ആരോഗ്യ വിഭാഗത്തിനും പരാതി നൽകി. നടപടി ഇല്ലാതായതോടെ നാട്ടുകാർ തന്നെ പുഴവെള്ളം മലാപ്പറമ്പിൽ കൊണ്ടുപോയി പരിശോധിപ്പിക്കുകയായിരുന്നു. പരിശോധനയിൽ കോളിഫോം ബാക്ടീരിയ വലിയ അളവിലുണ്ടെന്ന് കണ്ടെത്തി.
പുഴയിലേക്ക് മാലിന്യം ഒഴുക്കിവിടുന്നത് നേരത്തേ പശ്ചിമഘട്ട പുഴ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സന്ദർശിക്കുകയും ബന്ധപ്പെട്ടവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു. നീരൊഴുക്ക് കുറഞ്ഞ പുഴയിലേക്ക് അമിതമായ രീതിയിൽ മലിനജലം കലരുന്നതാവാം പച്ചനിറത്തിലുള്ള മാലിന്യ പ്രതിഭാസം രൂപപ്പെട്ടതും അളവിൽ കൂടുതൽ ബാക്ടീരിയ അടങ്ങിയതെന്നുമാണ് സംശയിക്കുന്നത്. ബന്ധപ്പെട്ട തദ്ദേശ വകുപ്പും ആരോഗ്യ വകുപ്പും അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.