കോൺഗ്രസ് സ്ഥാനാർഥിക്ക് 14 വോട്ട് മാത്രം; കൊടുവള്ളിയിൽ അട്ടിമറിയുമായി വിമതൻ
text_fieldsഷറഫു പൊയിൽ തൊടുക
കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ കോൺഗ്രസ് സിറ്റിങ് സീറ്റായ പ്രാവിൽ ഡിവിഷനിൽ മത്സരിച്ച കോൺഗ്രസിന്റെ ഔദ്യോഗിക സ്ഥാനാർഥി കോൺഗ്രസ് പ്രാദേശിക നേതാവ് കെ. അബ്ദുൽ അസീസിന് ആകെ ലഭിച്ചത് 14 വോട്ട്. കോൺഗ്രസ് സ്ഥാനാർഥിക്കെതിരേ അട്ടി മറി വിജയം നേടിയത് വിമത സ്ഥാനാർഥിയായ ഷറഫു പൊയിൽതൊടുകയാണ്. 93 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഷറഫു വിജയിച്ചു കയറിയത്.
രണ്ടാം സ്ഥാനത്തുള്ള എൽ.ഡി.എഫ് സ്ഥാനാർഥി എം.പി. ശംസുദ്ദീന് 466 വോട്ടുലഭിച്ചു. മുസ്ലിം ലീഗിന് സ്വാധീനമുള്ള പ്രാവിൽ ഡിവിഷൻ തുടർച്ചയായി കോൺഗ്രസിന് നൽകിയതിൽ പ്രതിഷേധിച്ചാണ് മുസ്ലിം ലീഗ് ഡിവിഷൻ സെക്രട്ടറി കൂടിയായ ഷറഫു കോൺഗ്രസ് സ്ഥാനാർഥിക്കെതിരെ മത്സരിച്ചത്. ശക്തമായ മത്സരമായിരുന്നു നടന്നത്.
കഴിഞ്ഞ തവണ അബ്ദുൽ അസീസിന്റെ മകളായ ആയിഷ ഷഹനിതയായിരുന്നു കോൺഗ്രസ് സീറ്റിൽ ജയിച്ചു വന്നത്. യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹിയായിരുന്നു ഷഹനിത ഇത്തവണ കോൺഗ്രസ് വിട്ട് മുസ്ലിം ലീഗ് സ്ഥാനാർഥിയായി ചുണ്ടപ്പുറം ഡിവിഷനിൽനിന്ന് വിജയിക്കുകയും ചെയ്തു. താൻ എന്നും മുസ്ലിം ലീഗുകാരനാണെന്നും യു.ഡി.എഫിന്റെകൂടെ ഉറച്ചു നിൽക്കുമെന്നും ഷറഫു പറഞ്ഞു. അതേസമയം കഴിഞ്ഞ തവണ കോൺഗ്രസ് സ്ഥാനാർഥി ജയിച്ച ഡിവിഷനിൽ വെറും 14 വോട്ടായി ചുരുങ്ങിയത് സംബന്ധിച്ച് അന്വേഷണത്തിനൊരുങ്ങുകയാണ് കോൺഗ്രസ്.


