ചെറുപുഴയിൽ ഇ കോളി ബാക്ടീരിയ; പുഴവെള്ളത്തിന്റെ സാമ്പ്ൾ ശേഖരിച്ചു
text_fieldsകൊടുവള്ളി: ചെറുപുഴയിലൂടെ ഒഴുകുന്ന പച്ചനിറത്തിലുള്ള വസ്തു എന്തെന്നറിയാൻ സി.ഡബ്ല്യു.ആർ.ഡി.എം അധികൃതർ പ്രാഥമിക പരിശോധന നടത്തി. ഡോ. ടി.ആർ. രശ്മി, ഡോ. എൻ.എസ്. മാഗേഷ്, ഡോ. ശ്രീജിത്ത്, സുധിൻ എന്നിവരടങ്ങിയ സംഘമാണ് തിങ്കളാഴ്ച ചെറുപുഴയിൽ പരിശോധന നടത്തിയത്. പെരുവഴിക്കടവ് മുതൽ കൂടത്തായി വരെയുള്ള ഭാഗങ്ങളിൽനിന്ന് പുഴവെള്ളത്തിന്റെ സാമ്പ്ൾ ശേഖരിച്ചു. ഇതുകൂടുതൽ ശാസ്ത്രീയ പരിശോധനകൾക്ക് വിധേയമാക്കും.
ഒഴുക്കുകുറവ്, വെയിലിന്റെ കാഠിന്യം, ന്യൂട്രിയൻറ് ഘടകങ്ങളുടെ ഉയർന്ന സാന്നിധ്യം എന്നിവയുണ്ടായാൽ ആൽഗ വളർച്ചയുണ്ടാവും. ചെറുപഴയിൽ സംഭവിച്ചത് എന്താണെന്നറിയാൻ കൂടുതൽ പരിശോധനകൾ വേണമെന്നാണ് അധികൃതരുടെ നിലപാട്. ഏതാനും ദിവസങ്ങളായി ചെറുപുഴയിൽ പച്ചനിറത്തിലുള്ള മാലിന്യം ഒഴുകുന്നുണ്ട്. മാനിപുരത്ത് ചെറുപുഴയുടെ തീരത്ത് താമസിക്കുന്ന വ്യക്തിയുടെ കിണറ്റിൽ വെള്ളം കിട്ടാതായപ്പോൾ പുഴയോരത്ത് കുഴിച്ച് വെള്ളം ശേഖരിച്ചിരുന്നു.
ഈ വെള്ളത്തിന് ദുർഗന്ധം അനുഭവപ്പെടാൻ തുടങ്ങിയപ്പോഴാണ് പ്രശ്നം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് പുഴ നിരീക്ഷിച്ചപ്പോൾ എണ്ണമയമുള്ള പച്ചനിറത്തിലുള്ള പാട പുഴയിൽ പരന്നുകിടക്കുന്നത് കണ്ടെത്തി. നാട്ടുകാർ കൊടുവള്ളി നഗരസഭയിലും ആരോഗ്യ വിഭാഗത്തിലും പരാതിനൽകിയിരുന്നു.
വേണ്ടനടപടി ഇല്ലാത്തതിനെ തുടർന്ന് നാട്ടുകാർ പുഴവെള്ളം ശേഖരിച്ച് മലാപറമ്പിലെ പരിശോധനകേന്ദ്രത്തിൽ കൊണ്ടുപോയി പരിശോധിപ്പിക്കുകയായിരുന്നു. പരിശോധനയിൽ പുഴവെ ള്ളത്തിൽ ഇ കോളി ബാക്ടീരിയയുടെ അളവ് കൂടുതലാണെന്ന് കണ്ടെത്തി. ഇത് കുടിവെള്ള പദ്ധതികളുടെ പ്രവർത്തനത്തെ ബാധിക്കുകയും ജനങ്ങളിൽ വലിയ ആശങ്കക്കിടയാക്കിയിരിക്കുകയുമാണ്.