ചെറുപുഴയിൽ കോളി ബാക്ടീരിയ;മാലിന്യം എന്താണെന്നത് കണ്ടെത്തണം- ഇറിഗേഷൻ വകുപ്പ്
text_fieldsകൊടുവള്ളി: ഒട്ടേറെ കുടിവെള്ള പദ്ധതികൾ പ്രവർത്തിക്കുന്ന ചെറുപുഴയിൽ മാലിന്യം കലർന്ന് കോളി ബാക്ടീരിയ സാന്നിധ്യം വലിയ അളവിൽ കണ്ട സാഹചര്യത്തിൽ പഠനവിധേയമാക്കുന്നതിനായി ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ ചെറുപുഴ സന്ദർശിച്ചു. ചെറുപുഴയിലെ മാനിപുരം ഭാഗത്ത് ഇറിഗേഷൻ വകുപ്പ് കോഴിക്കോട് സൗത്ത് സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജിനീയർ സി. അജയൻ, അസിസ്റ്റന്റ് എൻജിനീയർ ജോസ്സിയ ജോസ്, ഓവർസിയർ സി.പി. സൂരജ് എന്നിവരുടെ നേതൃത്വത്തിലാണ് പുഴക്കടവുകൾ സന്ദർശനം നടത്തി വസ്തുതകൾ പരിശോധിച്ചത്.
കൊടുവള്ളി നഗരസഭ ചെയർമാൻ വെള്ളറ അബ്ദു, ഡെപ്യൂട്ടി ചെയർപേഴ്സൻ വി.സി. നൂർജഹാൻ, നഗരസഭ കൗൺസിലർ അഷ്റഫ് ബാവ എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു. ചെറുപുഴയിലെ മാലിന്യം പ്രദേശത്ത് വലിയ പ്രശ്നമായിട്ടുണ്ടെന്നും റീജനൽ അനലിറ്റിക്കൽ ലാബോറട്ടറിയിൽ ചെറുപുഴയിലെ വെള്ളം ടെസ്റ്റ് ചെയ്തപ്പോൾ വെള്ളത്തിൽ ഇ-കോളിഫോം ബാക്ടീരിയ സാന്നിധ്യം വലിയ അളവിൽ കണ്ടത്തിയിട്ടുണ്ടെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ ദിവസം സി.ഡബ്ല്യു.ആർ.ഡി.എം അധികൃതർ ചെറുപുഴയിലെ വെള്ളത്തിന്റെ സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. വെള്ളത്തിന്റെ പരിശോധനാഫലം കിട്ടിക്കഴിഞ്ഞാൽ വിദ ഗ്ധരുമായി സംസാരിച്ച് എന്തുതരത്തിലുള്ള മാലിന്യമാണ് പുഴയിൽ കലർന്നതെന്ന് ചർച്ചചെയ്യും. അതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നാണ് ഉേദ്യാഗസ്ഥർ അറിയിച്ചത്. പുഴയിൽ പച്ചനിറത്തിലുള്ള മാലിന്യം ഒഴുകുകയും വെള്ളത്തിന് ദുർഗന്ധം വമിക്കുകയും ചെയ്തതോടെയാണ് മാലിന്യ പ്രശ്നം പുഴയോരവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്.