വോട്ട് പെട്ടിയിലാക്കും ഈ ആവേശപ്പാട്ടുകൾ
text_fieldsപരപ്പൻപൊയിലിലെ റെക്കാർഡിങ് സ്റ്റുഡിയോയിൽ പാട്ടുകളുടെ എഡിറ്റിങ് നടക്കുന്നു
കൊടുവള്ളി: തെരഞ്ഞെടുപ്പിന് ആവേശം പകർന്ന് വോട്ട് പെട്ടിയിലാക്കാൻ പാട്ടുമായി പാട്ടെഴുത്തുകാർ. പുതിയതും പഴയതുമായ ഹിറ്റായ മാപ്പിള, സിനിമ പാട്ടുകളുടെ പാരഡി ഗാനങ്ങളാണ് പാർട്ടിക്കാർക്കും സ്ഥാനാർഥികൾക്കുമായി പാട്ടെഴുത്തുകാർ ഒരുക്കിയിരിക്കുന്നത്. ഓരോവാർഡിലും മുന്നണികൾ മത്സരിച്ചാണ് പാട്ടിറക്കുന്നത്. അതത് പ്രദേശത്തെ രാഷ്ട്രീയം, വികസന നേട്ടം, മുരടിപ്പ്, കേന്ദ്ര സംസ്ഥാന രാഷ്ട്രീയ നിലപാടുകൾ എന്നിവയുൾപ്പെടെയാണ് പാട്ടുകളിലെ വിഷയങ്ങൾ.
കുറിക്കൊളളുന്നതും ആവേശം കൊള്ളിക്കുന്നതും മനസ്സിൽ തങ്ങി നിൽക്കുന്നതുമായ പാട്ടുകളായെങ്കിലേ ആളുകൾ സ്വീകരിക്കുകയുള്ളൂ എന്നതിനാൽ പാരഡി പാട്ടുകളാണെങ്കിലും ക്വാളിറ്റി വലിയ ഘടകം തന്നെയാണെന്നാണ് രചയിതാക്കൾ പറയുന്നത്. ആദ്യകാലത്ത് പ്രചാരണവാഹനങ്ങളിലും റോഡ്ഷോകളിലും യോഗങ്ങളിലും ഉപയോഗിക്കാനാണ് പാട്ട് തയാറാക്കിയിരുന്നതെങ്കിൽ ഇന്ന് സ്ഥിതിമാറി. സോഷ്യൽ മീഡിയയും മൊബൈൽ ഫോണും പ്രചാരത്തിലായതോടെ വോട്ടർമാരെ നേരിട്ട് പാട്ടിലാക്കാനുള്ള വഴികളിലൊന്നായി പാട്ടുകൾ.
ഒരു സ്ഥാനാർഥിക്ക് അഞ്ചുവരെ പാട്ടുകൾ ആവശ്യമുള്ളവരുണ്ട്. വിജയ സാധ്യതയുള്ളവർ വിജയിച്ച ശേഷം ഉയോഗിക്കുവാനുള്ള പാട്ടുകളും ഇപ്പോൾ തന്നെ തയാറാക്കി വെക്കുന്നുണ്ട്. കുറഞ്ഞ ബജറ്റിലാണ് പാട്ടുകൾ തയാറാക്കേണ്ടതെന്നതിനാൽ പുതിയ പാട്ടുകാർക്കും പാടാനുള്ള അവസരമുണ്ട്. റീൽസുകളും ചെറു വിഡിയോകൾക്കും പ്രചാരണം വർധിച്ചതോടെ അതിന് അനുയോജ്യമായരീതിയിലാണ് പാട്ടുകളാവശ്യപ്പെടുന്നത്. അരമണിക്കൂർ മുതൽ ഒന്നരമണിക്കൂർവരെ ചെലവിട്ടാണ് സ്റ്റുഡിയോയിൽ പാട്ടുകൾ റെക്കോഡ്ചെയ്യുന്നത്.
റെക്കോഡിങ്, മിക്സിങ് ചെലവുകളടക്കം അയ്യായിരം രൂപയാണ് ഓരോ പാട്ടിനും ഈടാക്കുന്നത്. വാർഡിലെ സ്ഥാനാർഥിക്കും എതിർ സ്ഥാനാർഥിക്കും വിമതർക്കും ഉൾപ്പെടെ എല്ലാവർക്കും ഒരാൾ തന്നെ രചന നിർവഹിക്കുന്നു എന്നതും കൗതുകം. നാട്ടിൻപുറങ്ങളിലെ സ്റ്റുഡിയോകൾക്കെല്ലാം രാപകലില്ലാത്ത തിരക്കിന്റെ കാലമാണിപ്പോൾ. അതുകൊണ്ട് തന്നെ പാട്ടെഴുതുന്നവർക്കും തിരഞ്ഞെടുപ്പുകാലത്ത് തിരക്കോട് തിരക്കാണ്.


