ഫാമിലി ടച്ചിൽ യു.ഡി.എഫ് ആവേശം
text_fieldsപിതാവ് അബ്ദുൽ അസീസും മകൾ ആയിഷ ഷഹനിതയും
കൊടുവള്ളി: തദ്ദേശ തെരഞ്ഞെടുപ്പ് ഗോദയിൽ സ്ഥാനാർഥി നിർണയം പൂർത്തിയാക്കിയപ്പോൾ കൊടുവള്ളി നഗരസഭയിൽ ശ്രദ്ധാകേന്ദ്രമായി ഒരു കുടുംബം. യു.ഡി.എഫ് സ്ഥാനാർഥി പട്ടികയിൽ ഒരേ സമയം പിതാവിനും മകൾക്കും നറുക്കു വീണതോടെ ഇത്തവണത്തെ കൊടുവള്ളി പോരാട്ടത്തിന് ‘ഫാമിലി ടച്ച്’ കൈവന്നു. പ്രാദേശിക കോൺഗ്രസ് നേതൃ നിരയിലെ പ്രമുഖൻ കെ. അബ്ദുൽ അസീസാണ് നഗരസഭ പ്രാവിൽ ഡിവിഷനിൽ യു.ഡി.എഫ് സ്ഥാനാർഥിയായി കൈപ്പത്തി ചിഹ്നത്തിൽ മത്സരിക്കുന്നത്. ഈ ഡിവിഷനിലെ നിലവിലെ കൗൺസിലറായ ഇദ്ദേഹത്തിന്റെ മകൾ ആയിഷ ഷഹനിത ചുണ്ടപ്പുറം ഡിവിഷനിൽ നിന്നും യു.ഡി.എഫിനായി ജനവിധി തേടുന്നു.
പാർട്ടി നേതാവായ പിതാവിനൊപ്പം മകളും മത്സരിക്കുന്നത് യു.ഡി.എഫ് ക്യാമ്പിൽ ആവേശമുയർത്തിയിട്ടുണ്ട്. അനുഭവസമ്പത്തും യുവത്വത്തിന്റെ പ്രസരിപ്പും ഒരുമിച്ച് അണിനിരക്കുന്ന ഈ പിതാവ്-മകൾ കൂട്ടുകെട്ട് കൊടുവള്ളി നഗരസഭയിൽ വിജയം ഉറപ്പിക്കുമെന്നാണ് യു.ഡി.എഫ് കേന്ദ്രങ്ങൾ വിലയിരുത്തുന്നത്. കഴിഞ്ഞ തവണ പ്രാവിൽ ഡിവിഷനിൽ മത്സരിച്ച് ജയിച്ച ആയിഷ ഷഹനിത നിലവിൽ കൊടുവള്ളി നഗരസഭ കൗൺസിലറാണ്. അബ്ദുൽ അസീസ് നേരത്തെ ആറങ്ങോട് ഡിവിഷനിൽനിന്ന് മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
നിലവിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികൂടിയാണ്. ആയിഷ ഷഹനിത യൂത്ത് കോൺഗ്രസ് മണ്ഡലം ഭാരവാഹിയാണ്. പ്രാവിൽ ഡിവിഷൻ കൗൺസിലർ എന്ന നിലയിൽ മികച്ച പ്ര കടനം കാഴ്ചവെച്ച ആയിഷ ഷഹനിതയെ ചുണ്ടപ്പുറം സീറ്റ് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഡിവിഷൻ മാറ്റി മത്സരിപ്പിക്കുന്നത്. നഗരസഭയുടെ രണ്ട് നിർണായക ഡിവിഷനുകളിൽ നടക്കുന്ന ഈ ‘കുടുംബപ്പോരാട്ടം’ പൊതുജന ശ്രദ്ധ ആകർഷിച്ചു കഴിഞ്ഞു.


