വെണ്ണക്കാട് തൂക്കുപാലം നവീകരണം വൈകുന്നു
text_fieldsതകർച്ചയിലായ വെണ്ണക്കാട്
തൂക്കുപാലം അപകടം ഭയന്ന്
നാട്ടുകാർ അടച്ച നിലയിൽ
കൊടുവള്ളി: ദേശീയപാത 766ൽ വെണ്ണക്കാട്ടിൽ പൂനൂർ പുഴക്ക് കുറുകെ നിർമിച്ച തൂക്കുപാലത്തിന്റെ നവീകരണം വൈകുന്നു. അപകടം ഭയന്ന് നാട്ടുകാർ താൽക്കാലികമായി അടച്ചു. ദേശീയപാതയോരത്ത് സ്ഥിതി ചെയ്യുന്നതും പ്രകൃതി സൗന്ദര്യവുമുള്ള തൂക്കുപാലത്തിലെ അപകടാവസ്ഥ നിരന്തരം ശ്രദ്ധയിൽപെടുത്തിയിട്ടും അധികൃതർ നടപടിയെടുക്കുന്നില്ലെന്ന പരാതി ശക്തമായി.
കഴിഞ്ഞ ദിവസം പാലം കാണാനെത്തിയ സംഘത്തിലെ കുട്ടിയുടെ കാൽ, പൊട്ടിയ കമ്പിയിൽ കുടുങ്ങി അപകടത്തിൽപെട്ടു. നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.
കൊടുവള്ളി നഗരസഭയെയും മടവൂർ പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലത്തിലൂടെ കീമാരി, ആരാമ്പ്രം പ്രദേശത്തുകാർക്ക് കോഴിക്കോട് ടൗൺ, മെഡിക്കൽ കോളജ്, കൊടുവള്ളി എന്നിവിടങ്ങളിലേക്കും വെണ്ണക്കാട്, കുമ്മങ്ങോട്ട് ഭാഗത്തുള്ളവർക്ക് മടവൂർ, കക്കോടി പ്രദേശങ്ങളിലേക്കും വേഗം എത്താനാകും. നേരത്തേ പാലത്തിന്റെ അടിഭാഗം തുരുമ്പെടുത്ത് ശോച്യാവസ്ഥയിലായിരുന്നു. അടിഭാഗത്തുള്ള ബോൾട്ടുകൾ തുരുമ്പെടുത്തതും ദ്രവിച്ചതും കാരണം പലയിടങ്ങളിലും ചവിട്ടുപലകകൾ തെന്നിമാറി. വശങ്ങളിലൂടെ നടക്കുമ്പോൾ കാൽ തെന്നി താഴേക്കു പതിക്കാനിടയുണ്ട്. പാലത്തിന്റെ സുരക്ഷ അരിക് കമ്പിവലയും പലഭാഗത്തായി പൊട്ടിയ നിലയിലാണ്. കുട്ടികളടക്കം നിരവധി പേരാണ് പാലം കാണാൻ നിത്യേന വരുന്നത്. എം.പി. വീരേന്ദ്രകുമാർ എം.പിയായിരിക്കെ 2004-2005 വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം ഉപയോഗിച്ചാണ് തൂക്കുപാലം നിർമിച്ചത്.
കൊടുവള്ളി നഗരസഭക്കാണ് പരിപാലന ചുമതല. പാലത്തിനോട് ചേർന്ന ഭാഗത്ത് നവീകരണം നടത്തി സഞ്ചാരികൾക്ക് സൗകര്യം ഒരുക്കുമെന്ന് അന്നത്തെ പഞ്ചായത്ത് ഭരണസമിതി പറഞ്ഞിരുന്നുവെങ്കിലും തുടർനടപടികളുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. യഥാസമയം അറ്റകുറ്റപ്പണി നടത്താനും അധികൃതർ തയാറായിട്ടില്ല. അറ്റകുറ്റപ്പണിക്ക് ഫണ്ട് വകയിരുത്തിയിട്ടുണ്ടെങ്കിലും കരാർ ഏറ്റെടുക്കാൻ ആരും തയാറായില്ലെന്നാണ് അധികൃതർ പറയുന്നത്. അപകടഭീഷണിയിലായ പാലത്തിന്റെ അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ നടപടി ആവശ്യപ്പെട്ട് സമരപരിപാടികൾ സംഘടിപ്പിക്കുമെന്ന് പാലം സംരക്ഷണ സമിതി ഭാരവാഹി ഹഖീം വെണ്ണക്കാട് പറഞ്ഞു. പാലത്തിന്റെ തകർച്ച സംബന്ധിച്ച് ‘മാധ്യമം’ നേരത്തെ വാർത്ത നൽകിയിരുന്നു.