21 ഡിവിഷനുകളിൽ ക്രമക്കേട്; കൊടുവള്ളി നഗരസഭയിൽ കൂട്ടത്തോടെ വോട്ടുതള്ളൽ
text_fieldsകൊടുവള്ളി നഗരസഭയിൽ വോട്ടർ പട്ടികയിൽ നിന്നും തള്ളപ്പെട്ടവർ നഗരസഭാ സൂപ്രണ്ടിന്
മുന്നിൽ പ്രതിഷേധിക്കുന്നു
കൊടുവള്ളി: തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ കൊടുവള്ളി നഗരസഭയിലെ അർഹരായ വോട്ടർമാരെ ഒരു കാരണവുമില്ലാതെ കൂട്ടത്തോടെ നീക്കം ചെയ്തത് 21 ഡിവിഷനുകളിൽ. ഈ ഡിവിഷനുകളിൽ നിന്നെല്ലാം യു.ഡി.എഫിന് അനുകൂലമാകുന്ന വോട്ടുകൾ എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ക്രമക്കേട് നടത്തി വോട്ട് തള്ളുകയാണ് ചെയ്തതെന്ന് യു.ഡി.എഫ് കേന്ദ്രങ്ങൾ ആരോപിക്കുന്നു. നാല്, ഏഴ്, എട്ട്, 10, 12, 13, 17, 21, 22, 24, 26, 27, 29, 30, 31, 32, 3 3, 35, 36, 37 ഡിവിഷനുകളിലാണ് വ്യാപകമായി വോട്ടർമാരെ മറ്റു വാർഡുകളിലേക്ക് മാറ്റുകയോ തള്ളപ്പെടുകയോ ചെയ്തിട്ടുള്ളത്.
ഡിവിഷൻ 26ൽ നിന്ന് മാത്രം 380 ഓളം വോട്ടർമാരെയാണ് 28ലേക്ക് മാറ്റിയത്. ഡിവിഷൻ 37ൽ നിന്ന് 36ലേക്ക് മാറ്റിയത് 135 ഓളം വോട്ടർമാരെയാണ്. ഡിവിഷൻ 10ൽ നിന്ന് 11ലേക്കും വ്യാപകമായി വോട്ടർമാരെ മാറ്റിയിട്ടുണ്ട്. നഗരസഭ പരിധിയിൽ 500 ഓളം വോട്ടർമാർക്ക് വോട്ടില്ലാതായി എന്നുമാണ് യു.ഡി.എ.ഫ് ആരോപിക്കുന്നത്. തള്ളപ്പെട്ട വോട്ടർമാർ ചൊവ്വാഴ്ച കലക്ടറേറ്റിലെത്തി പ്രതിഷേധമറിയിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. വ്യാഴാഴ്ച മൂന്ന് മണിക്കകം അന്വേഷണം നടത്തി മറുപടി നൽകാമെന്നാണ് കലക്ടർ മറുപടി നൽകിയത്. പരാതികളിൽ മറുപടി കൊടുക്കേണ്ടത് നഗരസഭാ സെക്രട്ടറിയാണ്.
നഗരസഭ സെക്രട്ടറി വി.എസ്. മനോജ് കഴിഞ്ഞ അഞ്ച് ദിവസമായി ഓഫിസിലെത്തിയിട്ടില്ലാത്തതിനാൽ അന്വേഷണം അനിശ്ചിതത്വത്തിലാണ്. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകാൻ നഗരസഭ സൂപ്രണ്ടോ മറ്റ് ഉദ്യോഗസ്ഥരോ തയാറാവുന്നില്ല. ഇതിനാൽ ബുധനാഴ്ചയും രാവിലെ മുതൽ വോട്ട് നഷ്ടപ്പെട്ടവർ നഗരസഭ ഓഫിസിൽ എത്തി പ്രതിഷേധിക്കുകയുണ്ടായി. 1613 പേരുള്ള ഡിവിഷൻ 11ലാണ് ഏറ്റവും കൂടുതൽ വോട്ടർമാർ ഉള്ളത്.
13ൽ 1565 പേരുമുണ്ട്. 811 വോട്ടർമാരുള്ള 35ാം ഡിവിഷനിലാണ് ഏറ്റവും കുറവ് വോട്ടുള്ളത്. 1 (1077),2 (1048 ),3 ( 14 14 ), 4 (1123),5 ( 10 46 ),6 ( 15 17 ), 7( 1040 ),8 (1292),9 ( 1091), 10 (1505), 11 (770)(843 ), 12 (1425 ), 13 ( 761 ),(804), 14 (1086), 15 (789)(752 ), 16(1032 ), 17 ( 1247), 18 (1161), 19 ( 1250 ), 20 (1241), 21(1110), 22 (1082), 23 (1285), 24(1335), 25 (945), 26 (1207), 27 (1060 ), 28 (1163), 29 ( 1260), 30 (1109), 31 (951),32 ( 1240), 33 (1069), 34 (1174), 35 (811), 36 (1289), 37 (1015) ഇങ്ങനെയാണ് ഡിവിഷനുകളിൽ വോട്ടർമാരെ വിന്യസിപ്പിച്ചിട്ടുള്ളത്. സ്വന്തം വാർഡുകളിൽനിന്നും വോട്ട് നഷ്ടപ്പെട്ട വോട്ടർമാർ വോട്ട് പുനഃസ്ഥാപിച്ചുകിട്ടാൻ ഹൈകോടതിയെ സമീപിച്ചിട്ടുമുണ്ട്.


