കൊടുവള്ളി ഉപജില്ല കലോത്സവം: സ്വാഗതമാശംസിച്ച് ചോദ്യപേപ്പർ ചോർച്ചക്കേസ് പ്രതിയുടെ പരസ്യ ബോർഡുകൾ
text_fieldsകൊടുവള്ളി ഉപജില്ല കലോത്സവ വേദിക്കരികിൽ സ്ഥാപിച്ച പരസ്യ ബോർഡുകൾ നഗരസഭ ജീവനക്കാർ എടുത്തുമാറ്റുന്നു
കൊടുവള്ളി: കൊടുവള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ രണ്ടുദിവസങ്ങളിലായി നടക്കുന്ന ഉപജില്ല സ്കൂൾ കലോത്സവത്തിനെത്തുന്ന വിദ്യാർഥി പ്രതിഭകളെ സ്വാഗതം ചെയ്ത്, ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതിയുടെ ഫോട്ടോ ഉൾപ്പെടുന്ന പരസ്യ ബോർഡുകൾ. ആരുടെയും അനുമതിയില്ലാതെയായിരുന്നു ഇവ സ്ഥാപിച്ചത്.
വിവാദമായതോടെ നഗരസഭ അധികൃതർ ബുധനാഴ്ച രാവിലെ നേരിട്ടെത്തി ബോർഡുകൾ എടുത്തുമാറ്റി. അനുമതിയില്ലാതെ പരസ്യബോർഡുകൾ സ്ഥാപിച്ചതിനെതിരെ സ്ഥാപനയുടമക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇവർക്ക് നോട്ടീസ് നൽകുമെന്നും നഗരസഭ ചെയർമാൻ അബ്ദു വെള്ളറ പറഞ്ഞു.
കൊടുവള്ളി മാർക്കറ്റ് റോഡിൽനിന്ന് ആരംഭിച്ച് ഹൈസ്കൂൾ കവാടത്തിനരികെവരെ 25ഓളം ബോർഡുകളാണ് സ്ഥാപിച്ചത്. ചോദ്യപേപ്പർ ചോർച്ച കേസിലെ ഒന്നാം പ്രതി എം.എസ്. സൊലൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന്റെ ഫോട്ടോയോടുകൂടിയ സ്ഥാപനത്തിന്റെ പരസ്യ ബോർഡുകളാണ് റോഡിന്റെ ഇരുവശങ്ങളിലും സ്ഥാപിച്ചത്. നഗരസഭ അടുത്തിടെ നവീകരിച്ച നടപ്പാതയിലും ഹാൻഡ് റെയിലിലും കൈയേറ്റം നടത്തി സ്ഥാപിച്ച ബോർഡുകൾക്ക് നഗരസഭയിൽനിന്ന് അനുമതി വാങ്ങിയിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. കലോത്സവ കമ്മിറ്റിയുടെ അനുമതിയും വാങ്ങിയിരുന്നില്ല.
എം.എസ് സൊലൂഷൻസുമായി ബന്ധപ്പെട്ടവർ എൽ.ഇ.ഡി സ്ക്രീനിലും വേദിയുടെ പരിസരങ്ങളിലും റോഡിലും പരസ്യം ചെയ്യാൻ വലിയ തുക വാഗ്ദാനം ചെയ്ത് പബ്ലിസിറ്റി കമ്മിറ്റിയെ കഴിഞ്ഞ ദിവസം സമീപിച്ചിരുന്നു. എന്നാൽ, ചോദ്യപേപ്പർ ചോർച്ച കേസിൽ ഉൾപ്പെട്ട സ്ഥാപനമായതിനാലും ഇത് കുട്ടികളിൽ തെറ്റായ സന്ദേശം നൽകുമെന്നതിനാലും വാഗ്ദാനം നിരസിക്കുകയായിരുന്നുവെന്ന് കലോത്സവ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. പത്താം ക്ലാസിലെ ഇംഗ്ലീഷ്, പ്ലസ് വൺ കണക്ക് എന്നിവയുടെ പരീക്ഷാ ചോദ്യപേപ്പറുകളായിരുന്നു ചോർന്നത്. സംഭവത്തിൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയാണ് എം.എസ് സൊലൂഷൻസ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബ്.


