കാടുമൂടി കൊടുവള്ളി നഗരസഭയുടെ മിനി എം.സി.എഫുകൾ
text_fieldsകൊടുവള്ളി നഗരസഭ ഒന്നാം വാർഡിലെ മിനി എം.സി.എഫുകൾ കാടുമൂടിയ നിലയിൽ
കൊടുവള്ളി: നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ മാലിന്യ സംസ്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച മിനി എം.സി.എഫുകൾ (മിനി മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി) ഉപയോഗപ്പെടുത്താൻ കഴിയാതെ നശിക്കുന്നു.2024-25 വാർഷിക പദ്ധതിയുടെ ഭാഗമായാണ് ലക്ഷക്കണക്കിന് രൂപ മുടക്കി മിനി എം.സി.എഫുകൾ നിർമിച്ച് നഗരസഭയുടെ വിവിധ ഭാഗങ്ങളിലെ റോഡരികുകളിലായി സ്ഥാപിച്ചത്.
സംസ്ഥാന മാലിന്യ സംസ്കരണ പദ്ധതിയുടെ ഭാഗമായി ഹരിതകർമസേന വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കുന്ന അജൈവ മാലിന്യം തദ്ദേശ സ്ഥാപന തലത്തിലുള്ള വലിയ മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റിയിലേക്ക് മാറ്റുന്നതിന് മുമ്പ് താൽക്കാലികമായി സൂക്ഷിക്കേണ്ടത് ഇതിനുള്ളിലാണ്. കൊടുവള്ളി നഗരസഭയിലെ എം.സി.എഫുകൾ ഹരിതകർമസേന പ്രവർത്തകർ ഉപയോഗിക്കാത്തതിനാൽ കാടുമൂടിയ നിലയിലാണുള്ളത്.
ചില എം.സി.എഫുകളിൽ മാലിന്യം നിറച്ചിട്ടുണ്ടെങ്കിലുംഇവ എടുത്തുമാറ്റാതെ ലോക്ക് ചെയ്ത നിലയിലാണുള്ളത്.മിനി എം.സി.എഫുകൾ ഉപയോഗപ്പെടുത്താതെ ഹരിതകർമസേന അംഗങ്ങൾ വീടുകളിൽനിന്ന് ശേഖരിക്കുന്ന മാലിന്യം ചാക്കിൽകെട്ടി റോഡരികിൽ സൂക്ഷിക്കുകയാണ് ചെയ്തുവരുന്നത്. ഇതുമൂലം തെരുവുനായ്ക്കൾ കടിച്ചുകീറിയും മഴയിൽ ഒലിച്ചിറങ്ങിയും മാലിന്യം പരന്നൊഴുകുന്ന സാഹചര്യം നിലനിൽക്കുകയാണ്.


