Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightKoduvallychevron_rightചെറുപുഴ കരകവിഞ്ഞാൽ...

ചെറുപുഴ കരകവിഞ്ഞാൽ ജീവിതം നിശ്ചലമാകും; ദുരിതത്തിൽ തലപ്പെരുമണ്ണ, എരഞ്ഞിക്കോത്ത്, കാക്കേരി നിവാസികൾ

text_fields
bookmark_border
ചെറുപുഴ കരകവിഞ്ഞാൽ ജീവിതം നിശ്ചലമാകും;   ദുരിതത്തിൽ തലപ്പെരുമണ്ണ, എരഞ്ഞിക്കോത്ത്, കാക്കേരി നിവാസികൾ
cancel
camera_alt

ചെറുപുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് വെള്ളത്തിൽ മുങ്ങിയ എരഞ്ഞിക്കോത്ത് വയൽ പ്രദേശം

കൊടുവള്ളി: തുടർച്ചയായി പെയ്യുന്ന ശക്തമായ മഴയിൽ ചെറുപുഴയും പൂനൂർ പുഴയും കരകവിഞ്ഞൊഴുകുന്നതോടെ കൊടുവള്ളി മേഖലയിലെ തലപ്പെരുമണ്ണ, എരഞ്ഞിക്കോത്ത്, കാക്കേരി ഉൾപ്പെടെയുള്ള പുഴയോര പ്രദേശങ്ങൾ വീണ്ടും ദുരിതക്കയത്തിലായി. ഓരോ മഴക്കാലവും ജീവിതം തകിടംമറിക്കുന്ന സാഹചര്യമാണ് ഇവിടങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ വർഷങ്ങളായി നേരിടുന്നത്. മഴ ശക്തമാകുന്നതോടെ മലയോര മേഖലയിൽ നിന്ന് കുത്തിയൊഴുകിയെത്തുന്ന വെള്ളം ചെറുപുഴയിലും പൂനൂർ പുഴയിലും ജലനിരപ്പ് ക്രമാതീതമായി ഉയർത്തുകയും മണിക്കൂറുകൾക്കകം താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്യുന്നു. പൂനൂർ പുഴ കരകവിഞ്ഞൊഴുകുമ്പോൾ കിഴക്കോത്ത് പഞ്ചായത്തിലെ കച്ചേരിമുക്ക് പ്രദേശവും മടവൂർ പഞ്ചായത്തിലെ പുഴയോര മേഖലകളും രൂക്ഷമായ വെള്ളപ്പൊക്ക ഭീഷണിയിലാണ്. മടവൂർ പഞ്ചായത്തിലെ നിരവധി താഴ്ന്ന പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. പുഴയോട് ചേർന്നുള്ള തോടുകളിലൂടെ വെള്ളം ഒഴുകിയെത്തി വീടുകളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലാകുന്നതാണ് പ്രധാന പ്രശ്നം.

പുഴ കരകവിഞ്ഞാൽ മണിക്കൂറുകൾക്കകം പ്രദേശത്തെ റോഡുകളും വീടുകളും വെള്ളത്തിൽ മുങ്ങുന്ന അവസ്ഥയാണ്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിൽ നിരവധി വീടുകളിൽ വെള്ളം കയറിയതിനെ തുടർന്ന് കുടുംബങ്ങളെ ബന്ധുവീടുകളിലേക്കും സുരക്ഷിത കേന്ദ്രങ്ങളിലേക്കും മാറ്റിപ്പാർപ്പിക്കേണ്ടിവന്നു.

താമരശ്ശേരി താലൂക്കിൽ പ്രവർത്തിക്കുന്ന അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളിലായി 59 കുടുംബങ്ങളിലെ 161 പേരാണ് നിലവിൽ കഴിയുന്നത്. ദുരിതാശ്വാസ ക്യാമ്പുകളും വെള്ളം കയറിയ പ്രദേശങ്ങളും പി.കെ. ഫിറോസ് എം.എൽ.എയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

കക്കൂസ് മാലിന്യങ്ങൾ ഉൾപ്പെടെ കിണറുകളിലേക്ക് ഒഴുകിയെത്തിയതിനാൽ ശുദ്ധജലക്ഷാമം രൂക്ഷമായിട്ടുണ്ട്. കുടിവെള്ള സ്രോതസ്സുകൾ മലിനമായതോടെ പകർച്ചവ്യാധികൾ പടരാനുള്ള സാധ്യതയും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു.ചെറുപുഴയുടെയും പൂനൂർ പുഴയുടെയും തീരങ്ങളിലും വെള്ളം കയറുന്ന തോടുകളിലും സ്ഥിരം സംരക്ഷണഭിത്തികൾ നിർമ്മിക്കുകയും ആവശ്യമായ വെള്ളപ്പൊക്ക പ്രതിരോധ പദ്ധതികൾ നടപ്പാക്കുകയും ചെയ്താൽ പ്രശ്നത്തിന് ശാശ്വത പരിഹാരമാകുമെന്ന് പ്രദേശവാസികൾ അഭിപ്രായപ്പെടുന്നു. മഴക്കാലം കഴിയുമ്പോൾ പ്രശ്നം വിസ്മരിക്കുന്ന സമീപനം അവസാനിപ്പിച്ച് അടിയന്തരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ പരിഹാര നടപടികൾ സർക്കാർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

Show Full Article
TAGS:localnews Kozhikode cherupuzha 
News Summary - ചെറുപുഴ കരകവിഞ്ഞാൽ ജീവിതം നിശ്ചലമാകും; ദുരിതത്തിൽ തലപ്പെരുമണ്ണ, എരഞ്ഞിക്കോത്ത്, കാക്കേരി നിവാസികൾ
Next Story