വീടിന് മുന്നിൽ സ്കൂൾ വാൻ ഇടിച്ച് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം
text_fieldsകൊടുവള്ളി: വീടിന്റെ മുന്നിൽ സ്കൂൾ വാൻ ഇടിച്ച് മൂന്നു വയസ്സുകാരന് ദാരുണാന്ത്യം. മാനിപുരം കളരാന്തിരി മാതാംവീട്ടിൽ ചാൽപ്പോയിൽ മുഹമ്മദ് കുഞ്ഞിയുടെ മകൻ ഉവൈസ് ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയായിരുന്നു അപകടം. മാനിപുരം ഒലീവ് ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രീ പ്രൈമറി വിദ്യാർഥിനിയായ സഹോദരിയെ സ്കൂൾ വാനിൽനിന്ന് ഇറക്കിക്കൊണ്ടുവരുന്നതിനായി വീടിന് മുന്നിലെ റോഡിലേക്ക് വന്ന മാതാവിന് പിന്നാലെ ഉവൈസ് വന്നത് അവർ അറിഞ്ഞിരുന്നില്ല.
സഹോദരിയെ വാനിൽനിന്നിറക്കി ഡോർ അടച്ച ശേഷം ഡ്രൈവർ വാൻ മുന്നോട്ടെടുത്തപ്പോൾ വാനിന് മുന്നിൽ നിന്ന ഉവൈസിനെ ഇടിക്കുകയായിരുന്നു. ഉവൈസ് വാനിന് മുന്നിൽ വന്നുനിന്നത് ഡ്രൈവറും അറിഞ്ഞിരുന്നില്ല. ഉടനെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബുധനാഴ്ച ഉച്ചക്ക് കരാന്തിരി കാക്കാടൻചാലിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
മാതാവ്: ആരിഫ. സഹോദരങ്ങൾ: അൽഫ നുജും, ശിഫാ നുജും (ഇരുവരും കൊടുവള്ളി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികൾ), മിൻഹ നുജും (മാനിപുരം ഒലീവ് ഇംഗ്ലീഷ് മീഡിയം സ്കൂൾ).


