കൊടുവള്ളിയിൽ കൂട്ടത്തോടെ വോട്ട് തള്ളൽ; പ്രതിഷേധം കനക്കുന്നു
text_fieldsകൊടുവള്ളി: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ കൊടുവള്ളി നഗരസഭയിലെ അർഹരായ വോട്ടർമാരെ ഒരു കാരണവുമില്ലാതെ കൂട്ടത്തോടെ നീക്കം ചെയ്ത നടപടിക്കെതിരെ വോട്ടർമാരുടെ പ്രതിഷേധം കനക്കുന്നു. വർഷങ്ങളായി ഓരോ വാർഡുകളിലും സ്ഥിരതാമസക്കാരായവരും പ്രായമായവരുമുൾപ്പെടെയുള്ളവരെയാണ് രാഷ്ട്രീയ സ്വാധീനത്തിൽ വഴങ്ങി ഉദ്യോഗസ്ഥർ നീക്കം ചെയ്തതെന്നാണ് ആക്ഷേപം.
തിങ്കളാഴ്ച രാവിലെ 11ഓടെ വോട്ടർ പട്ടികയിൽ നീക്കം ചെയ്ത 200ഓളം ആളുകൾ കലക്ടറേറ്റിലെത്തി പ്രതിഷേധിക്കുകയും ഡെപ്യൂട്ടി കലക്ടറെ കണ്ട് പരാതി നൽകുകയും ചെയ്തിരുന്നു. നാലു ദിവസത്തിനകം അന്വേഷണം നടത്തി നീതി ഉറപ്പാക്കാൻ ശ്രമിക്കുമെന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ആളുകൾ പിരിഞ്ഞുപോയത്.
കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചത് മുതൽ കൊടുവള്ളി നഗരസഭയിൽ എൽ.ഡി.എഫും യു.ഡി.എഫും വോട്ടുതള്ളൽ, കൂട്ടിച്ചേർക്കൽ വിവാദവുമായി രംഗത്തുവരുകയും ആക്ഷേപങ്ങൾ ഉന്നയിക്കുകയും ചെയ്തിരുന്നു. നൽകിയ പരാതികളിൽ നടപടി സ്വീകരിക്കാതെ ഉദ്യോഗസ്ഥർ ഇടതുപക്ഷത്തിന്റെ സ്വാധീനത്തിന് വഴങ്ങി കൂട്ടത്തോടെ വിവിധ വാർഡുകളിലെ വോട്ടർപട്ടികയിൽനിന്ന് വോട്ട് തള്ളുകയാണ് ചെയ്തതെന്നാണ് യു.ഡി.എഫ് ആരോപിക്കുന്നത്. ഡിലിമിറ്റേഷൻ പ്രകാരം 35 പരാതികളാണ് നൽകിയത് എന്നാൽ, ഒരു പരാതിപോലും പരിഗണിച്ചില്ല.
ജനരോക്ഷം ഭയന്ന് പൊലീസ് സാന്നിധ്യത്തിലാണ് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതെന്നും യു.ഡി.എഫ് ആരോപിക്കുന്നുണ്ട്. സ്വന്തം വാർഡിൽ വോട്ട് ചെയ്യാനുള്ള ഭരണഘടനാപരമായ അവകാശമാണ് നിരവധി പേർക്ക് നഷ്ടമായിരിക്കുന്നത്. ഇത് നിയമപരമായും ജനാധിപത്യപരമായും നേരിടുമെന്നും യു.ഡി.എഫ് നേതാക്കൾ പറയുന്നു. ഇതു സംബന്ധിച്ച് കോടതിയെ സമീപിച്ചതായും നേതാക്കൾ പറഞ്ഞു. ചൊവ്വാഴ്ചയും നിരവധി പേരാണ് നഗരസഭയിലെ ഇലക്ഷൻ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ മുന്നിലെത്തി പ്രതിഷേധിച്ചത്.
ക്രമക്കേട് നടന്നതായുള്ള യു.ഡി.എഫ് ആരോപണം തീർത്തും രാഷ്ട്രീയപ്രേരിതവും തെരഞ്ഞെടുപ്പ് പരാജയം മുന്നിൽ കണ്ടുള്ള വെപ്രാളവുമാണെന്നാണ് എൽ.ഡി.എഫ് പറയുന്നത്. യു.ഡി.എഫ്, ഉദ്യോഗസ്ഥരെ സ്വാധീനിച്ച് വോട്ടർ പട്ടികയിൽ കൃത്രിമത്വം നടത്തിയതായും ഇതിനെതിരെ ജില്ല കലക്ടർക്കും തെരഞ്ഞെടുപ്പ് കമീഷനും പരാതി നൽകിയതായും എൽ.ഡി.എഫ് പറയുന്നു. വിവാദം വരുംദിവസങ്ങളിൽ കൊടുവള്ളി നഗരസഭയിൽ യു.ഡി.എഫ്, എൽ.ഡി.എഫ് തമ്മിലുള്ള പ്രതിഷേധങ്ങൾക്കും ചർച്ചകൾക്കും വഴിവെക്കും.
ഞങ്ങളൊക്കെ ഇവിടെ ജീവിച്ചിരിപ്പുണ്ട്, വോട്ടുകൾ എവിടെ?
കൊടുവള്ളി: ‘‘ഞങ്ങളൊക്കെ ഇവിടെ ജീവിച്ചിരിപ്പുണ്ട്. വർഷങ്ങളായി വീടുവെച്ച് താമസിക്കുന്നവരും വോട്ട് ചെയ്തുവരുന്നവരുമാണ്. നേരം വെളുത്തപ്പോൾ ഞങ്ങൾക്ക് വോട്ടില്ലാതായിരിക്കുകയാണ്. ഞങ്ങളുടെയെല്ലാം വോട്ടുകൾ എവിടെയെന്ന് പറയാൻ ബന്ധപ്പെട്ടവർ തയാറാവണം’’ -ഏകപക്ഷീയമായി വോട്ടർമാരെ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്ത നടപടിക്കെതിരെ ശക്തമായ പ്രതിഷേധമാണ് ആളുകൾ ഉയർത്തുന്നത്.
വോട്ടുകൾ മറ്റു വാർഡുകളിലേക്ക് മാറ്റുകയോ ഒഴിവാക്കുകയോ ചെയ്യുകയാണെങ്കിൽ ബന്ധപ്പെട്ടവർക്ക് നോട്ടീസ് നൽകുകയും നോട്ടീസ് ബോർഡിൽ അത് പ്രദർശിപ്പിക്കുകയും വേണം. അതുപോലും ചെയ്യാതെ വോട്ടർ പട്ടികയിൽനിന്ന് നീക്കം ചെയ്തതതിലുള്ള അമർഷവും ഇവരുടെ വാക്കുകളിൽ പ്രകടമാകുന്നുണ്ട്.
വോട്ടർമാർക്ക് അവരുടെ സ്വന്തം വാർഡുകളിൽ വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കണമെന്ന് നഗരസഭ ചെയർമാൻ വെള്ളറ അബ്ദു ആവശ്യപ്പെട്ടു. രാഷ്ട്രീയ താൽപര്യങ്ങളുടെ ഭാഗമായി എല്ലാ വാർഡുകളിൽനിന്നും വലിയ അളവിലാണ് വോട്ടർമാരെ ഒഴിവാക്കിയത്. 24 വരെ വോട്ടർ ലിസ്റ്റിൽ ഉണ്ടായിരുന്നവർക്കാണ് 25ന് പട്ടിക പുറത്തിറങ്ങിയപ്പോൾ വോട്ടില്ലാത്ത അവസ്ഥയുണ്ടായത്.


