മാലിന്യം തള്ളൽ: കൂളിമാട് നിരീക്ഷണം ശക്തമാക്കി
text_fieldsകൂളിമാട്-മണാശ്ശേരി റോഡരികിൽ തള്ളിയ മാലിന്യം
കൂളിമാട്: റോഡുവക്കിൽ മാലിന്യം തള്ളുന്നവരെ പിടികൂടാനുള്ള ശ്രമം ശക്തമാക്കുകയാണ് കൂളിമാട് നിവാസികൾ. കൂളിമാട്-മണാശ്ശേരി പ്രധാനപാതയിലെ കിഴക്കും പാടത്തിന്റെ ഇരുവശത്തുമുള്ള വെള്ളക്കെട്ടിലും പാതയോരത്തും ഇരുട്ടിന്റെ മറവിലും ആളൊഴിഞ്ഞ വേളയിലും കൂൾബാർ അവശിഷ്ടങ്ങളും മറ്റും തള്ളി രക്ഷപ്പെടുന്നവരെയും വാഹനങ്ങളെയും നിരീക്ഷിക്കാനാണ് വാർഡ് അംഗത്തിന്റെ നേതൃത്വത്തിൽ അക്ഷര ജാഗ്രത സമിതി നിരീക്ഷണം ശക്തമാക്കിയത്.
നിക്ഷേപിക്കുന്ന മാലിന്യങ്ങളുടെ ദുർഗന്ധം കാൽനടക്കാരെയും വാഹന യാത്രികരെയും അലോസരപ്പെടുത്തുന്നുണ്ട്. കുറ്റവാളികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും മാലിന്യം നിക്ഷേപിക്കുന്നതിനും സംസ്കരിക്കുന്നതിനും പഞ്ചായത്ത് തലത്തിൽ സംവിധാനമൊരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.