കൂളിമാട് പാലം: മന്ത്രിക്ക് കൂട്ട ഇ-മെയിൽ അയച്ചു
text_fieldsകൂളിമാട് പാലം നിർമാണ പ്രവൃത്തി പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് മന്ത്രിക്ക് കൂട്ട ഇ-മെയിൽ അയക്കുന്നു
കൂളിമാട്: കൂളിമാട് നിർമിക്കുന്ന പാലത്തിന്റെ പ്രവൃത്തി പുനരാരംഭിക്കണം എന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റി കൂട്ട ഇ-മെയിൽ അയച്ചു. 'അന്വേഷണവും നടക്കട്ടെ, പ്രവൃത്തിയും നടക്കട്ടെ' എന്ന ശീർഷകത്തിലാണ് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കൂട്ട ഇ-മെയിൽ അയച്ചത്.
പാലത്തിന്റെ 90 ശതമാനം നിർമാണം പൂർത്തിയായ സാഹചര്യത്തിൽ നിർത്തിവെച്ചതിലുള്ള നാട്ടുകാരുടെ ആശങ്കയും ആകുലതയുമാണ് കത്തിൽ പങ്കുവെച്ചത്. അന്വേഷണം നടക്കുമ്പോൾതന്നെ പ്രവൃത്തിയും തുടരട്ടെയെന്നാണ് ആവശ്യം.
പാലത്തിന്റെ മപ്രം ഭാഗത്തെ ബീമുകൾ പിയർ ക്യാപിൽ ഉറപ്പിക്കാൻ ജാക്കി വെച്ച് ഉയർത്തുന്നതിനിടെ മേയ് 16നാണ് അപകടമുണ്ടായത്. സംഭവം നടന്ന് ഒരുമാസം പിന്നിട്ടിരിക്കുകയാണ്. മൂന്ന് ബീമുകളിൽ രണ്ടെണ്ണം മറിയുകയും ഒന്ന് പുഴയിലേക്ക് വീഴുകയുമായിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പിലെ ഡെപ്യൂട്ടി എൻജിനീയർ എം. അൻസാറിന്റെ നേതൃത്വത്തിൽ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. മുഴുവൻ നിർമാണ പ്രവൃത്തിയും നിർത്തിവെക്കുകയായിരുന്നു. ബീമുകൾ നീക്കാൻ കൊച്ചിയിൽനിന്ന് 200 ടൺ ശേഷിയുള്ള വലിയ ക്രെയിൻ എത്തിച്ചെങ്കിലും തുടങ്ങാനായില്ല.