കൂളിമാട് പാലം ടാറിങ് പൂർത്തിയായി; അപ്രോച്ച് റോഡ് പൂർത്തീകരണം ആശങ്കയിൽ
text_fieldsകൂളിമാട് പാലം ടാറിങ് പൂർത്തിയായപ്പോൾ. അപ്രോച്ച് റോഡ് ടാറിങ് പാതിയിൽ നിർത്തിയ നിലയിൽ
കൂളിമാട്: കോഴിക്കോട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാർ പുഴക്ക് കുറുകെ കൂളിമാട് കടവിൽ നിർമിക്കുന്ന പാലത്തിന്റെ അവസാന വട്ട ടാറിങ്ങും പൂർത്തിയായി. ഇനി അവസാന മിനുക്കുപണികൾ മാത്രമാണുള്ളത്. റോഡിൽ ട്രാഫിക് ലൈനുകൾ വരക്കുന്നതും റിഫ്ലെക്ടറുകൾ സ്ഥാപിക്കുന്നതുമാണ് ശേഷിക്കുന്നത്.
അതേസമയം, പാലത്തിന്റെ അപ്രോച്ച് റോഡ് കൂളിമാട് അങ്ങാടിയുടെ 100 മീറ്റർ അകലെ അവസാനിക്കുന്നവിധമാണ് ടാറിങ്. പാലം മുതൽ 160 മീറ്റർ ദൂരത്തിലുള്ള റോഡിന്റെ നിർമാണം മാത്രമേ കരാറുകാരന്റെ പ്രവൃത്തിയിൽ ഉൾപെട്ടിട്ടുള്ളൂ. അതിനാൽ കൂളിമാട് അങ്ങാടിയിലെത്താതെ അപ്രോച്ച് റോഡ് വഴിമുട്ടിയിരിക്കുകയാണ്. ശേഷിക്കുന്ന ഭാഗം കൂളിമാട് - കളൻതോട് റോഡ് നവീകരണ പണിയുടെ ഭാഗമായി പ്രവൃത്തി നടത്തേണ്ടതാണത്രെ.
ഇതാണ് ഈ അനിശ്ചിതത്വത്തിന് കാരണം. ഈ സാഹചര്യത്തിൽ നിർമാണം പൂർത്തിയായാലും പാലം ഉടൻ ഉദ്ഘാടനം നടത്താനാകാത്ത സ്ഥിതിയാണ്. നവീകരണം പാതിവഴിയിൽ നിലച്ച കൂളിമാട് - കളൻതോട് റോഡിന്റെ പുനർ ടെൻഡർ നടപടി പൂർത്തിയായെങ്കിലും ഇതുവരെ കരാർ ഒപ്പുവെച്ചിട്ടില്ല.
അതിനാലാണ് നവീകരണ പ്രവൃത്തി പുനരാരംഭിക്കാതിരിക്കാൻ കാരണം. ഇത് നാട്ടുകാരെ നിരാശരാക്കിയിട്ടുണ്ട്. മാത്രമല്ല, പാലത്തിൽ വിളക്കുകൾ സ്ഥാപിക്കാത്തതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പുതുക്കിയ എസ്റ്റിമേറ്റിൽ ലൈറ്റുകൾ സ്ഥാപിക്കുന്നതിന് തുക വകയിരുത്താത്തതാണ് പ്രശ്നം. പാലം ആക്ഷൻ കമ്മിറ്റി പൊതുമരാമത്തു വകുപ്പ് മന്ത്രിയോടും ജനപ്രതിനിധികളോടും ആശങ്ക പങ്കുവെക്കുകയും നിവേദനം സമർപ്പിക്കുകയും ചെയ്തിട്ടുണ്ട്.