പൈപ്പിടൽ പൂർത്തിയാക്കി; കൂളിമാട് റോഡ് തുറന്നുകൊടുത്തു
text_fieldsമാവൂർ-കൂളിമാട് റോഡിൽ കരിങ്കാളികാവ് കയറ്റത്തിൽ പൈപ്പിടൽ പ്രവൃത്തി തീർത്ത് ഗതാഗതത്തിന് തുറന്നുകൊടുത്തപ്പോൾ
കൂളിമാട്: യാത്രക്കാരെയും നാട്ടുകാരെയും ഒന്നടങ്കം വലച്ചതിനെ തുടർന്ന് പ്രതിഷേധത്തിനിടയാക്കിയ മാവൂർ-കൂളിമാട് റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തു. വ്യാഴാഴ്ച രാവിലെയാണ് ഇതുവഴി ഗതാഗതം പുനഃസ്ഥാപിച്ചത്. ജല ജീവൻ മിഷന്റെ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തിക്കായി ഫെബ്രുവരി 20നാണ് ജില്ലാ ഭരണാധികാരികളുടെ പ്രത്യേക അനുമതി വാങ്ങി റോഡ് അടച്ചത്.
ഊട്ടി ഹ്രസ്വദൂരപാതയായ റോഡിൽ വെസ്റ്റ് പാഴൂരിനും കൂളിമാടിനും ഇടയിൽ കരിങ്കാളികാവ് കയറ്റത്തിലാണ് പാറപൊട്ടിച്ചും ആഴത്തിൽ കുഴിയെടുത്തും വലിയ പൈപ്പുകൾ സ്ഥാപിച്ചും പ്രവൃത്തി നടന്നത്. ഗതാഗതം പൂർണമായി തടഞ്ഞും ബസ് സർവിസ് അടക്കം വഴിതിരിച്ചുവിട്ടും നടന്ന പ്രവൃത്തിയിലെ മന്ദഗതിയാണ് പ്രതിഷേധത്തിനിടയാക്കിയത്.
പാറ പൊട്ടിച്ചുള്ള ജോലിയായതിനാൽ മാർച്ച് അഞ്ചുൃവരെയാണ് റോഡിൽ ഗതാഗതം തടഞ്ഞ് ഉത്തരവിറക്കിയത്. യുദ്ധകാലാടിസ്ഥാനത്തിൽ തീർക്കേണ്ട പ്രവൃത്തിക്ക് ഇത്ര ദിവസം റോഡ് അടക്കാൻ അനുമതി കൊടുത്തതും പ്രതിഷേധത്തിനിടയാക്കി. വഴി തിരിച്ചുവിട്ട റോഡുകളിലെ യാത്ര ദുരിതപൂർണമായിരുന്നു. തിങ്കളാഴ്ച സ്വകാര്യ ബസുകൾ സർവിസ് മുടക്കി പ്രതിഷേധിച്ചു.
പ്രതിഷേധത്തെ തുടർന്ന് ചൊവ്വാഴ്ചയും ബുധനാഴ്ചയും ഇടവേളകളിൽ ഇരുചക്ര വാഹനങ്ങൾക്ക് ഗതാഗതം അനുവദിച്ചിരുന്നു. ബുധനാഴ്ച റോഡിലെ ശേഷിക്കുന്ന മണ്ണ് മാറ്റുകയും റോഡ് വൃത്തിയാക്കുകയും ചെയ്തു. തുടർന്നാണ് ഗതാഗതത്തിന് തുറന്നുകൊടുത്തത്. കുഴികളും ചളിയും പൊടിമണ്ണും നിറഞ്ഞതിനാൽ യാത്ര അത്ര സുഗമമല്ലെങ്കിലും പരീക്ഷക്കാലത്ത് ഗതാഗതതടസം നീങ്ങിയതാണ് ആശ്വാസമായത്.