യാത്രക്കാരുടെ ശ്രദ്ധക്ക്; കൂളിമാട് റോഡിൽ അപകടക്കുഴികൾ...
text_fieldsമാവൂർ-കൂളിമാട് റോഡിൽ വെസ്റ്റ് പാഴൂരിൽ റോഡ് തകർന്നനിലയിൽ
കൂളിമാട്: അപകടക്കുഴികൾ നിറഞ്ഞ മാവൂർ-കൂളിമാട് റോഡിൽ ദുരിതയാത്ര. താത്തൂർ പൊയിൽ മുതൽ കൂളിമാട് വരെ വിവിധ ഭാഗങ്ങളിലാണ് അപകടക്കുഴികൾ നിറഞ്ഞത്. പലഭാഗത്തും മഴയിൽ വെള്ളം നിറഞ്ഞാൽ കുഴിയും റോഡും തിരിച്ചറിയാനാവില്ല. വളവിലുള്ള കുഴിയിൽ ചാടാതിരിക്കാൻ വാഹനങ്ങൾ പെട്ടെന്ന് വെട്ടിക്കുന്നത് അപകടത്തിനിടയാക്കുന്നു.
പി.എച്ച്.ഇ.ഡിക്കു സമീപം തെറ്റുമ്മൽ ഭാഗത്തും വെസ്റ്റ് പാഴൂരിലെ വളവിലും ഇത്തരം കുഴികളുണ്ട്. താത്തൂർപൊയിൽ, പി.എച്ച്.ഇ.ഡി, വെസ്റ്റ് പാഴൂർ ഭാഗങ്ങളിലാണ് വലിയ കുഴികൾ. വെസ്റ്റ് പാഴൂരിലെ വളവിൽ റോഡ് വ്യാപകമായി തകർന്നനിലയിലാണ്. റോഡിന് പൊതുവെ വീതികുറവാണ്.
നാട്ടുകാർ ഇടപെട്ട് കുഴികൾ പലതവണ മൂടിയെങ്കിലും ഫലമുണ്ടായില്ല. ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെ പ്രയാസത്തിലാകുന്നത്. എളമരം പാലം തുറന്നതോടെ റോഡിൽ വാഹനത്തിരക്കേറിയിട്ടുണ്ട്.