ബൈപാസ് നിർമാണ മറവിൽ വയലുകളും ജലാശയങ്ങളും നികത്തുന്നു
text_fieldsെകായിലാണ്ടി മേലൂർ ഭാഗത്ത് പാടശേഖരം മണ്ണിട്ട് നികത്തിയ നിലയിൽ
കൊയിലാണ്ടി: നന്തി ചെങ്ങോട്ടുകാവ് ബൈപാസ് നിർമാണ മറവിൽ, വയലും ജലാശയങ്ങളും മണ്ണിട്ട് നികത്തൽ വ്യാപകമാവുന്നു. ബൈപാസിന്റെ സർവിസ് റോഡിന്റെ വശങ്ങളിലാണ് മണ്ണ് ലോറിയിൽ ഇറക്കി വയലുകൾ തൂർത്തെടുക്കുന്നത്.
റോഡിന്റെ ഭാഗമായി നടക്കുന്ന പ്രവൃത്തി എന്ന നിലയിൽ ഇക്കാര്യം ആരും ശ്രദ്ധിക്കാതെ പോകുന്നുവെന്നാണ് പരിസ്ഥിതി പ്രവർത്തകർ പറയുന്നത്.
ബൈപാസ് നിർമാണത്തെത്തുടർന്ന് വലിയ പാരിസ്ഥിതിക നാശമുണ്ടായതിനു പുറമെയാണ് അവശേഷിക്കുന്ന വയലും ഇല്ലാതാവുന്നത്. കൃഷി ചെയ്യാതെ കിടക്കുന്ന സ്ഥലമാണെങ്കിലും മേലൂർ, പന്തലായനി മൂടാടി ഭാഗത്ത് ജല ലഭ്യത ഉറപ്പുവരുത്തുവാൻ ഇത്തരം ജലാശയങ്ങൾക്ക് വലിയ പ്രാധാന്യമുണ്ട്. താപനിലയും വരൾച്ചയും കൂടി വരുന്ന പുതിയ കാലത്ത് ജല ക്ഷാമത്തിന് ഇത്തരം ജലപ്രദേശങ്ങളുടെ നാശം വഴിയൊരുക്കുമെന്ന് നാട്ടുകാരും പറയുന്നു.
ബൈപാസ് പാത നിർമാണം പൂർത്തിയായാൽ വശങ്ങളിൽ മതിൽ നിർമിക്കുന്നതിനാൽ ഇവിടെ മണ്ണ് എത്തിക്കാൻ പ്രയാസമാവുമെന്നതാണ് വയലുകൾ തിരക്കിട്ട് നികത്താൻ വഴിയൊരുക്കുന്നത്. ഈ റോഡ് ഗതാഗതത്തിന് തുറന്നു നൽകിയിട്ടില്ലാത്തതിനാൽ ഇതൊന്നും വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽ എത്തിെല്ലന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
റവന്യൂ അധികൃതർ ഇക്കാര്യത്തിൽ നടപടിയെടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപെടുന്നത്. ജില്ല കലക്ടർക്ക് നിവേദനം നൽകാനുള്ള തയാറെടുപ്പിലാണ് പരിസ്ഥിതി സംഘടനാ പ്രവർത്തകർ.