കൊയിലാണ്ടി താലൂക്കാശുപത്രി; പേവാർഡുകൾ പുനർനിർമിക്കാൻ നടപടിയില്ല
text_fieldsതാലൂക്കാശുപത്രിയിലെ പേവാർഡുകൾ പൊളിച്ചു മാറ്റിയ സ്ഥലം (ഫ്രയൽ ഫോട്ടോ)
കൊയിലാണ്ടി: താലൂക്കാശുപത്രിയിൽ മുൻകാലത്ത് സജീവമായി പ്രവർത്തിച്ചിരുന്ന പേ വാർഡുകൾ പൊളിച്ചു നീക്കിയിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും പുതുക്കി പണിയാൻ അധികൃതർ തയാറാവാത്തതിൽ പ്രതിഷേധം വ്യാപകമാവുന്നു. നേരത്തെ താലൂക്കാശുപത്രി കോമ്പൗണ്ടിൽ ഇരുനിലകളിൽ പ്രവർത്തിച്ചിരുന്ന ഈ കെട്ടിടത്തിൽ നിരവധി രോഗികൾ നിശ്ചയിച്ച തുക നൽകി മുറികൾ വാടക്കെടുത്തിരുന്നു.
പലപ്പോഴും ബുക്ക് ചെയ്തു ദിവസങ്ങൾ കഴിഞ്ഞു മാത്രമെ അക്കാലത്ത് മുറികൾ ആവശ്യക്കാർക്ക് ലഭിച്ചിരുന്നുള്ളൂ. എന്നാൽ, പിൽക്കാലത്ത് വാർഡുകൾ കാലപഴക്കംകൊണ്ട് ജീർണിച്ചു തുടങ്ങിയതോടെ രോഗികൾക്ക് അനുവദിക്കാതെ പോവുകയും ക്രമേണ പ്രവർത്തനം നിലക്കുകയും ചെയ്തു. പിൽക്കാലത്ത് ആശുപത്രിക്ക് പുതിയ കെട്ടിടം പണിയാൻ പേ വാർഡുകൾ ഉൾപ്പെടെ, പൊളിച്ചു മാറ്റുകയായിരുന്നു. കെ.എച്ച്.ആർ.ഡബ്ല്യു.എസാണ് കേരളത്തിലെ ആരോഗ്യ വകുപ്പിന് കീഴിലെ പേ വാർഡുകൾ നിർമിക്കുന്നതും പ്രവർത്തനം നിയന്ത്രിക്കുന്നതും. വിവിധ വകുപ്പുകളുടെ ഭൂമി നാമമാത്രമായ വില കാണിച്ചു സർക്കാർ ആവശ്യത്തിന് ഏറ്റെടുത്താണ് സാധാരണ ഇത്തരം കെട്ടിടം പണിയുന്നത്.
എന്നാൽ, കുറേ കാലമായ് ഫണ്ടിന്റെ അഭാവം പറഞ്ഞ് വകുപ്പ് യാതൊരു നവീകരണ നിർമാണ പ്രവൃത്തിയും ഏറ്റെടുക്കുന്നില്ലെന്ന് ആരോപണമുണ്ട്. താലൂക്കാശുപത്രി ഇപ്പോൾ പുതിയ മൂന്നുനില കെട്ടിടം പണിത് അതിൽ പ്രവർത്തനം തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഒഴിഞ്ഞു കിടക്കുന്ന ഭൂമിയിൽ പുതിയ കെട്ടിടം നിർമാണ പണിക്ക് ഉടൻ തറക്കല്ലിടുമെന്നാണ് വിവരം. എന്നാൽ, ആ കെട്ടിട സമുച്ചയത്തിൽ പേ വാർഡുകൾ ഉണ്ടാവില്ലെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ഇതോടെ കൊയിലാണ്ടി താലൂക്കാശുപത്രിയിൽ കുറഞ്ഞ ചാർജിന് ലഭിച്ചിരുന്ന പേ വാർഡുകൾ ഓർമയാവും.
ആശുപത്രി വാർഡുകളിലെ തിരക്കിൽനിന്ന് മാറി നിൽക്കാൻ ആഗ്രഹിക്കുന്ന പ്രായാധിക്യവും ദീർഘകാല ചികിത്സയും ആവശ്യമുള്ളവർക്ക് അതിനുള്ള അവസരം ഉണ്ടാവില്ല. ഒപ്പം സ്വകാര്യ ആശുപത്രികൾക്ക് ഈ സാഹചര്യം ഗുണമാവുകയും ചെയ്യുമെന്ന് ജനങ്ങൾ പറയുന്നു.