കണ്ണീരടങ്ങാതെ
text_fieldsകൊയിലാണ്ടി മണക്കുളങ്ങര ക്ഷേത്രത്തിൽ ആന വിരണ്ടോടി ഉണ്ടായ അപകടത്തിൽ മരിച്ച അമ്മുക്കുട്ടി അമ്മ, ലീല, രാജൻ എന്നിവരുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ
കൊയിലാണ്ടി: മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവം വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് എല്ലാവർഷവും നടക്കാറുള്ളത്. കൊടിയേറ്റം കഴിഞ്ഞാൽ പ്രധാന ഉത്സവദിനം താലപ്പൊലി ദിനമാണ്. അന്ന് സന്ധ്യാ സമയത്ത് നാടിന്റെ നാനാഭാഗത്തുനിന്നും പൊതുജനവരവും അവകാശ വരവും ക്ഷേത്ര സന്നിധിയിൽ എത്തുകയാണ് പതിവ്. നൂറുകണക്കിന് ആളുകളാണ് ഈ സമയത്ത് ഈ വരവുകൾക്കൊപ്പം എത്തിച്ചേരുക. എന്നാൽ, വെള്ളിയാഴ്ച സന്ധ്യാസമയത്ത് ക്ഷേത്രത്തിലും പരിസരത്തും ഉറ്റവരുടെ കൺ മുന്നിലുള്ള മരണപ്പെട്ടതിന്റെ ദുഃഖവും നിലവിളിയായിരുന്നു എങ്ങും.
മരിച്ച അമ്മു അമ്മയും രാജനും ലീലയും ഉറ്റമിത്രങ്ങളും അടുത്ത ബന്ധുക്കളുമാണ്. രാജന്റെ തറവാട്ട് വീട് ക്ഷേത്രത്തിന് സമീപത്താെണങ്കിലും വിവാഹം കഴിച്ച് താമസിക്കുന്നത് ഊരള്ളൂരിലാണ്. അതുകൊണ്ട് ഇത്തരം ഘട്ടങ്ങളിലാണ് പരസ്പരം കണ്ടുമുട്ടുന്നതും സൗഹൃദം പുതുക്കുന്നതും. ക്ഷേത്രമുറ്റത്ത് ഇവർ കഥ പറഞ്ഞ് ഇരിക്കുന്നതിനിടയിലാണ് ആന ഓടി, പഴയ ഓടുമേഞ്ഞ ഓഫിസ് വീണത്.
രാജനും ലീലയും അമ്മു അമ്മയും അതിനടിയിൽ കുടുങ്ങി വിടപറഞ്ഞു. തുടർന്ന് ഉത്സവം നിർത്തിവെക്കുകയായിരുന്നു. കുറുവങ്ങാട് പ്രദേശം ദുഖ കേന്ദ്രമായി. ആരാണ് അടിയിൽ പെട്ടതെന്ന അന്വേഷണവും ഉത്കണ്ഠയും മാത്രമായി സംസാരം ഒതുങ്ങി.14ന് രാവിലെ നടക്കാറുള്ള ഭഗവതിയുടെ കോലം വെട്ടോടെ സമാപിക്കുന്ന ഉത്സവം അവസാനിക്കുമ്പോൾ നൂറുകണക്കിന് ആളുകളും, സജീവമായ വള ചന്തകളുമുണ്ടാവാറുള്ള ഉത്സവ നഗരി വെള്ളിയാഴ്ച കാലത്ത് ദുഃഖത്താൽ തളം കെട്ടി കിടക്കുകയായിരുന്നു.