ദേശീയപാത നിർമാണം; ആശങ്കയോടെ ജനങ്ങൾ
text_fieldsദേശീയപാതയുടെ ഭാഗമായുള്ള റോഡ് പൊളിച്ചുനീക്കുന്നു
കൊയിലാണ്ടി: ദേശീയപാതയുടെ നിർമാണവും തിരുവങ്ങൂരിലെ അണ്ടർ പാസിന്റെ പുനർനിർമാണ പ്രവൃത്തികളും ജനങ്ങളെ ആശങ്കയിലാക്കുന്നു. നിർമാണത്തിലെ അശാസ്ത്രീയതയും മേല്‍നോട്ടമില്ലായ്മയും കാരണം കോടികള്‍ മുടക്കി നിർമിച്ച പാതകൾ പൊളിച്ചുനീക്കേണ്ട അവസ്ഥയിലുമാണ്. തിരുവങ്ങൂരില്‍ നിർമിച്ച അണ്ടര്‍പാസുമായി പുതുതായി നിർമിച്ച ആറുവരി പാത ഇതുവരെ ബന്ധിപ്പിച്ചിരുന്നില്ല. രണ്ടു വര്‍ഷം മുമ്പേ ഇവിടെ അണ്ടര്‍പാസ് നിർമാണം പൂര്‍ത്തിയായതാണ്.
ഇതിനിടെയാണ് ശക്തമായ മഴയെ തുടർന്ന് അണ്ടര്‍പാസിന്റെ ഇരുപുറവുമുള്ള പുതിയ പാതയില്‍ നീളത്തിൽ വിള്ളല്‍ രൂപപ്പെട്ടത്. മഴ പെയ്യുമ്പോൾ വലിയ സിമന്റ് സ്ലാബുകൾ അടുക്കി നിർമിച്ച, വിള്ളലിലൂടെ വെള്ളം മണ്ണുമായി കലർന്ന്, സർവിസ് റോഡിലേക്ക് വൻതോതിലാണ് കുത്തിയൊഴുകുന്നത്. മണ്ണ് അലിഞ്ഞു കഴിഞ്ഞാൽ ഉറപ്പില്ലാതെ അടുക്കിയ ടൺ കണക്കിന് ഭാരമുള്ള സ്ലാബുകൾ വാഹനങ്ങൾക്ക് മുകളിൽ പതിക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക.
വിള്ളൽ വന്ന ബൈപാസ് റോഡിന്റെ ഭാഗം എന്‍.എച്ച്.എ.ഐ സുരക്ഷാ വിഭാഗം പരിശോധന നടത്തുകയും വിള്ളല്‍ ഗുരുതരമാണെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതോടെയാണ് അണ്ടര്‍പാസിന് ഇരു പുറവുമായി സിമന്റ് സ്ലാബ് ഉപയോഗിച്ച് നിർമിച്ച റോഡ് പൊളിച്ചുനീക്കി വീണ്ടും പുതുക്കിപ്പണിയാൻ കരാര്‍ കമ്പനിക്ക് നിര്‍ദേശം നല്‍കിയത്. അണ്ടര്‍പാസിന്റെ വടക്കുഭാഗത്ത്, കെട്ടി ഉയര്‍ത്തിയ റോഡാണ് 30 മീറ്ററോളം നീളത്തില്‍ ഇപ്പോൾ പൊളിച്ചിട്ടിരിക്കുന്നത്. ബാക്കി ഭാഗം ഏത് നിമിഷവും തകര്‍ന്നുവീഴുമെന്ന ഘട്ടത്തിലാണ്. അപകടകരമായ അവസ്ഥയിലൂടെയാണ് സര്‍വിസ് റോഡിലൂടെ ഈ ഭാഗത്ത് വാഹനങ്ങള്‍ സഞ്ചരിക്കുന്നത്.
തിരുവങ്ങൂര്‍ എച്ച്.എസ്.എസിൽ കൊയിലാണ്ടി ഉപജില്ല കലോത്സവവും ഇവിടെയെത്തുന്നവരെയും പരിഗണിച്ച് റോഡ് സുരക്ഷ കർക്കശമാക്കണമെന്ന ആവശ്യമുയരുന്നുണ്ട്. ഇതിൽ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ ബുധനാഴ്ച ധർണ നടക്കും. സി.പി.എം ജില്ല കമ്മിറ്റി മെംബർ അഡ്വ: എൽ.ജി. ലിജീഷ് ഉദ്ഘാടനം ചെയ്യും. വകുപ്പുമന്ത്രിയും ജില്ല കലക്ടറുമെല്ലാം നിരവധി തവണ വിഷയത്തിൽ ഇടപെട്ടെങ്കിലും കരാർ കമ്പനിയുടെ പ്രവർത്തന രീതിയിൽ മാറ്റമുണ്ടായിട്ടില്ല. സർവിസ് റോഡുകളിൽ ടാർ ഇളകി കുഴികൾ രൂപപ്പെട്ടതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമാണ്.


