നാടൻ വാറ്റ്; ഗ്രാമങ്ങൾ ലഹരിയുടെ പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്കിലെ വിവിധ പഞ്ചായത്തുകളിൽ നാടൻ വാറ്റ് വ്യാപകമാവുന്നു. എക്സൈസിനെയും പൊലിസിനെയും നോക്കു കുത്തിയാക്കിയാണ് വാറ്റ് വ്യാപാരം സംഘങ്ങൾ പ്രവർത്തിക്കുന്നത്. മുമ്പ് വാറ്റ് വ്യാപകമായ ചേങ്ങോട്ടുകാവ്, ചേമഞ്ചേരി, കീഴരിയൂർ ഊരള്ളൂർ, നടുവത്തൂർ, കോയിത്തുമ്മൽ തുടങ്ങിയ സ്ഥലങ്ങളിൽ ഇപ്പോൾ വാറ്റ് സജീവമാണ്. മുൻകാലങ്ങളിൽ ജനകീയ സമിതികളും പൊലീസും ഇടപെട്ട് ഇത് അവസാനിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും സജീവമായിരിക്കുകയാണ്.
നാടൻ വാറ്റിന് ഒരു കുപ്പിക്ക് 800 മുതൽ 1000 രൂപ വരെയാണ് വില. കല്യാണം, പിറന്നാൾ ആഘോഷം, വീട് വാർക്കൽ തുടങ്ങിയ പരിപാടികൾക്കായാണ് ഇവ കൂടുതലായും നൽകുന്നത്. ഇതിനാവശ്യമായ ഉപകരണങ്ങൾ വാടകക്ക് എടുക്കുകയാണ് പതിവ്. ഇതിനായി വാടകക്ക് പാത്രങ്ങൾ നൽകുന്ന കടകളും അനവധിയാണ്. വാഹനത്തിൽ വന്ന് ശേഖരിക്കുന്നവരും ഇരുചക്ര വാഹനത്തിൽ ആവശ്യക്കാർക്ക് എത്തിച്ചു നൽകുന്നവരും ഏറെയാണ്. കഴിഞ്ഞദിവസം
കൊയിലാണ്ടി താലൂക്ക് ഓഫിസിൽ തഹസിൽദാറുടെ അധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി വാറ്റിനെതിരെ ജനകീയ കമ്മിറ്റി വിളിച്ചിരുന്നങ്കിലും തുടർനടപടിയുണ്ടായില്ല. എക്സൈസ് ഓഫിസിൽ നാട്ടുകാരായവർ തന്നെ ജോലി ചെയ്യുന്നതിനാൽ വാറ്റുകാർക്കും ലഹരി വിൽപനക്കാർക്കും മുൻകൂട്ടി വിവരം ലഭിക്കും. അതിനാൽ തന്നെ റെയ്ഡുകൾ ഫലപ്രദമാകാറില്ലെന്നും ചൂണ്ടികാട്ടുന്നു.