നെൽകൃഷി പ്രതിസന്ധിയിൽ
text_fieldsകൊയ്തെടുക്കാൻ പാകമെത്തിയ നെൽക്കതിരുകൾ
കൊയിലാണ്ടി: കൊയ്ത് എടുക്കാൻ പാകമെത്തിയ നെൽക്കതിരുകൾക്കു മുന്നിൽ നെഞ്ച് പിടഞ്ഞു നിൽക്കുകയാണ് കർഷകർ. പാകമെത്തിയിട്ടും കൊയ്യാൻ ആളില്ലാത്തതാണ് പ്രധാന പ്രതിസന്ധി. ഇതോടൊപ്പം സ്ത്രീകൾ തൊഴിലുറപ്പിൽ സജീവമായതും, കൊയ്ത്തു വിദ്യ അറിയുന്നവരുടെ എണ്ണം പ്രതിവർഷം കുറഞ്ഞു വരുന്നതും പ്രയാസം വർധിപ്പിക്കുന്നു. കൃഷിപ്പണി അറിയുന്നവരുടെ എണ്ണക്കുറവും നിലം ഉഴാനും നടാനും കൊയ്യാനുമുള്ള യന്ത്രങ്ങൾ കർഷകർക്ക് കൃത്യസമയത്ത് കൃഷിഭവൻ വഴി ലഭ്യമാകാത്തതും, കൊയ്യാൻ പാകമാവുമ്പോൾ ഒറ്റപ്പെട്ട മഴ എത്തുന്നതും, നെൽകൃഷിക്ക് ദോഷമാവുന്നു.
കൊയ്തെടുക്കാൻ ഇതര സംസ്ഥാന തൊഴിലാളികളെയാണ് നിലവിൽ നാട്ടിൽ ഉപയോഗിക്കുന്നത്. ഒരാൾക്ക് 1000 രൂപ കൂലിയിനത്തിൽ മാത്രം നൽകുന്നുണ്ടെന്നും കർഷകർ പറയുന്നു. കർഷകർക്കു വേണ്ടി പല പദ്ധതികളും സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും, അതൊന്നും താഴെ തട്ടിൽ യഥാസമയം എത്തുന്നില്ലെന്നും കർഷകർ പരാതിപ്പെടുന്നു.
ഗ്രാമ പ്രദേശങ്ങളിൽ കൊയ്ത്തു കഴിഞ്ഞാൽ നെല്ല് വിൽപന നടത്താൻ സംവിധാനവും ഇല്ലാത്ത അവസ്ഥയാണ്. നെല്ല് കുത്തി അരിയെടുക്കാൻ ദൂരെയുള്ള മില്ലുകളിൽ എത്തിക്കാനും വൻ സാമ്പത്തിക ബാധ്യത അനുഭവപ്പെടുന്നു. കതിരുകൾ കൊയ്യാൻ പാകമെത്തുമ്പോൾ പ്രത്യേക വിഭാഗത്തിലുള്ള കിളികൾ എത്തി കതിരുകൾ കൂട്ടത്തോടെ നശിപ്പിക്കുന്നതായും കർഷകർ പറയുന്നു. കൃഷിക്ക് ഉപയോഗിക്കുന്ന ജൈവ വളത്തിന്റെയും രാസവളത്തിന്റെയും വില വർധനവും പ്രയാസം സ്വഷ്ടിക്കുന്നു.
കൃഷിഭവനുകൾ അനുകൂല നിലപാട് സ്വീകരിക്കാറുണ്ടെങ്കിലും ഫലപ്രദമാവുന്നില്ലെന്നതും പരാതി ഉയരുന്നു. ഒറീസാ, വെതാണ്ടം, ഉമ എന്നീ വിത്തുകളാണ് നിലവിൽ കൃഷി ചെയ്യുന്നത്. കല്ലിട്ടൊടി പാടശേഖരം, ആമ്പിലേരി താഴ വെളിയണ്ണൂർ ചല്ലിയുടെ ഭാഗങ്ങൾ, നടേരി വിയ്യൂർ ഭാഗത്ത് എന്നിവടങ്ങളിലാണ് പ്രധാനമായും കർഷകർ പ്രതിസന്ധിയിൽപ്പെടുന്നത്. വേനൽക്കാലത്ത് കർഷകർക്ക് കനാൽവഴി വെള്ളം കൃത്യസമയത്ത് ലഭിക്കാത്തതും, നെൽകൃഷിക്കാരുടെ പ്രയാസങ്ങൾ ഇരട്ടിപ്പിക്കുന്നു. കൃഷിസ്ഥലത്ത് വെള്ളം എത്തിയിരുന്ന ആച്ചേരി തോട് ശാസ്ത്രീയമല്ലാതെ നവീകരിച്ചതും പ്രതിസന്ധിയുണ്ടാക്കുന്നു.