തെരുവുനായുടെ കടിയേറ്റ് ആറുപേർക്ക് പരിക്ക്
text_fieldsകൊയിലാണ്ടി: ചെങ്ങോട്ടു കാവ് ടൗണിലും സമീപപ്രദേശത്തും തെരുവുനായുടെ ആക്രമണത്തിൽ ആറുപേർക്ക് കടിയേറ്റു. വിദ്യാർഥിയെ നായ കടിച്ചു കീറി. ഇന്നലെ രാവിലെയായിരുന്നു സംഭവം. മേലൂർ സ്വദേശിയായ സ്കൂൾ വിദ്യാർഥി അർണ്ണവ്, ചെങ്ങോട്ടു കാവ് മുതിര കണ്ടത്തിൽ സുരേഷ്ബാബു, കൊളപ്പുറത്ത് രേഖ തുടങ്ങിയവർക്കാണ് കടിയേറ്റത്. അർണ്ണവ് തിരുവങ്ങൂർ സ്കൂൾ എട്ടാംക്ലാസ് വിദ്യാർഥിയാണ് സ്കൂളിലേക്ക് പോകുമ്പോഴാണ് കടിയേറ്റത്.
കുട്ടിയുടെ മുഖം കടിച്ചു കീറി. കൈക്കും കാലിനും പരുക്കുണ്ട്. സുരേഷ് ബാബു ചെങ്ങോട്ടു കാവിലെ കടയിൽ നിന്ന് പണി സാധനങ്ങൾ എടുക്കുമ്പോഴാണ് കടിയേറ്റത്. രേഖക്ക് സ്കൂട്ടർ നിർത്തുന്നതിനിടയിലാണ് കടിയേറ്റത് . മേലൂർ ഇല്ലത്ത് മീത്തൽ പത്മിനി അമ്മ, ചെങ്ങോട്ടുകാവ് സ്വദേശി ചന്ദ്രൻ, വാർഡ് മെംബർ ബിന്ദു എന്നിവർക്കും കടിയേറ്റു.
ഇവരെ മെഡിക്കൽ കോളെജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ ൽ കി. ചെങ്ങോട്ടു കാവിൽ അലഞ്ഞ് തിരിയുന്ന നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് നാട്ടുകാർ പറഞ്ഞു. പഞ്ചായത്തോ മറ്റ് അധികാരികളോ നടപടികൾ സ്വീകരിക്കുന്നില്ല എന്ന് ആരോപണം ഉണ്ട്.
തെരുവുനായ് കടിച്ചതിൽ പ്രതിഷേധം
കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ നിരവധിപേർക്ക് നായുടെ കടിയേറ്റ സംഭവത്തിൽ ശക്തമായ പ്രതിഷേധമുയർന്നു. തെരുവ് പട്ടികളുടെ ശല്യം പലതവണ ചെങ്ങോട്ടുകാവ് പഞ്ചായത്ത് പ്രസിഡന്റിന്റെയും ഭരണാധികാരികളുടെയും ശ്രദ്ധയിൽപ്പെടുത്തിയെങ്കിലും ഇതുവരെ ഒരു പരിഹാരവും ഉണ്ടായിട്ടില്ലന്നും നാട്ടുകാർ പറയുന്നു.
കുട്ടികളെയും സ്ത്രീകളെയും വൃദ്ധന്മാരെയും പേപ്പട്ടി കടിക്കുകയുണ്ടായി. വാക്സിൻ എടുത്തവർ പോലും മരിക്കുന്ന ഈ സാഹചര്യത്തിൽ ജനം ഭയപ്പെട്ട് ജീവിക്കുന്ന സാഹചര്യമാണ് ചെങ്ങോട്ടുകാവിലെന്ന് ആരോപണമുയരുന്നു. ഇതിൽ പ്രതിഷേധിച്ച് ചെങ്ങോട്ടുകാവ് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
ഉടൻ പരിഹാരം കണ്ടെത്തിയില്ലെങ്കിൽ പഞ്ചായത്ത് ഉപരോധിക്കുമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പ്രമോദ് വി.പി. പറഞ്ഞു.വാസു പ്രിയദർശിനി, ശ്രീനിവാസൻ ഇ.എം, തുടങ്ങിയവർ സംസാരിച്ചു. ശ്രീനിവാസൻ പി.എം ചോയിക്കുട്ടി , റാഫി ആർ.കെ, ഗംഗാധരൻ ഉമ്മച്ചേരി, മനോജ് യു.വി, നിഖിൽ കെ.വി, റൗഫ് തുടങ്ങിയവർ നേതൃത്വം നൽകി.