കനാൽ പുനർനിർമിച്ചില്ല; ജനങ്ങൾ ദുരിതത്തിൽ
text_fieldsപാർശ്വഭിത്തി തകർന്ന നടേരി കാവുംവട്ടം ഭാഗത്തേക്ക് ഒഴുകുന്ന സബ്കനാൽ
കൊയിലാണ്ടി: നടേരി കാവും വട്ടം ഭാഗത്തേക്ക് ഒഴുകുന്ന സബ്കനാലിന്റെ പാർശ്വഭിത്തി പുതുക്കി നിർമിക്കാത്തത് കടുത്ത ജലക്ഷാമം സൃഷ്ടിക്കുന്നതായി പരാതി.
കുറ്റ്യാടി ഇടതുകര മെയിൻ കനാലിന്റെ ഭാഗമായി നടേരി അക്വഡക്റ്റിനു സമീപത്തു നിന്നാരംഭിക്കുന്ന കനാലിന്റെ ഭിത്തി കഴിഞ്ഞ മാസമുണ്ടായ വേനൽമഴയിൽ പൊട്ടി വെള്ളം നമ്പ്രത്തുകര ടൗണിലേക്ക് ഒഴുകിയിരുന്നു അസി. എക്സിക്യൂട്ടിവ് എൻജിനിയറുടെ നിർദേശത്തെ തുടർന്ന് ഇറിഗേഷൻ അധികൃതർ സ്ഥലത്തെത്തുകയും നടേരി ഭാഗത്തെ ഷട്ടർ താഴ്ത്തി സബ്കനാലിലേക്ക് വെള്ളം ഒഴുകുന്നത് നിർത്തുകയുമായിരുന്നു വേഗം പ്രശ്നപരിഹാരമുണ്ടാവുമെന്നും അധികൃതർ ജനങ്ങളോട് പറയുകയും ചെയ്തു.
ഒരു മാസം കഴിഞ്ഞുവെങ്കിലും യാതൊരു തുടർനടപടിയും ഉണ്ടായിട്ടില്ല.
ഇതിനെ തുടർന്ന് പല സ്ഥലത്തും കുടിവെള്ളം മുടങ്ങുകയും വാഴയും പച്ചക്കറികളും ജലം ലഭ്യമാവാതെ ഉണങ്ങി കരിയുകയുമാണ്. വേനൽ കാലമായാൽ കുടിവെള്ളം കിണറുകളിൽ ഉറവയായി എത്തുന്നത് കനാൽ ജലം വഴിയായിരുന്നു. കനാൽ വറ്റി വരണ്ടതോടെ ജനങ്ങൾ പ്രയാസത്തിലാണ്.
കുറ്റ്യാടി ഇടതുകര മെയിൻ കനാലിലൂടെ അധികമായി ഒഴുകി വരുന്ന അധിക ജലം പുഴയിലേക്ക് ഒഴുക്കി വിടുന്നതായും നാട്ടുകാർ ആരോപിക്കുന്നു. പ്രശ്ന പരിഹാരത്തിനായി സമര പരിപാടികൾക്കുള്ള ശ്രമത്തിലാണ് നാട്ടുകാർ.