ദുരിതക്കയം നീന്തി ജനം
text_fieldsദേശീയ പാതയിലെ ഗതാഗത കുരുക്ക്
കൊയിലാണ്ടി: ഗതാഗത തടസ്സം കാരണം ജീവിതം വഴിമുട്ടി നരകത്തിൽ എത്തിയ അവസ്ഥയിലാണ് കാട്ടിലപീടിക മുതൽ തിക്കോടി വരെയുള്ള ജനങ്ങളും യാത്രക്കാരും. എൻ.എച്ച് 66ന്റെ നിർമാണ പ്രവൃത്തി ആരംഭിച്ചതു മുതൽ തുടങ്ങിയ ദുരിതങ്ങൾ രണ്ടു വർഷങ്ങൾ കഴിയുമ്പോൾ ഇരട്ടിച്ചു. റോഡ് പണി പൂർത്തിയായി വരുംതോറും ദുരിതവും ഇരട്ടിക്കുകയാണ്.
വെങ്ങളം മുതൽ പൂക്കാട് വരെ ഇപ്പോൾ യാത്ര സർവിസ് റോഡ് വഴിയാണ്. വീതികുറഞ്ഞ ഈ റോഡിലൂടെ ഒച്ചിന്റെ വേഗത്തിലാണ് വാഹനങ്ങൾ കടന്നുപോവുന്നത്.
നിർമാണത്തിലെ അപാകത കാരണം റോഡ് പല സ്ഥലത്തും ഒരു വശംതാഴ്ന്നു കിടക്കുന്നതിനാൽ ഫുട്പാത്തിന്റെ സ്ലാബിനും മെയിൻ റോഡിന്റെ മതിലിനും ഇടയിലൂടെ യാത്ര ഏറെ ദുഷ്കരമാണ്.
ഇരുചക്ര വാഹനക്കാർ പോലും ഏറെ ദൂരം കെട്ടിക്കിടക്കുന്നതും രോഗികളെ വഹിച്ചു പോവുന്ന ആംബുലൻസുകൾ പോലും ഇവിടെ ഏറെ നേരം കുരുങ്ങി നിൽക്കുന്നു. റോഡിന്റെ നിർമാണവുമായി ബന്ധപ്പെട്ടു തൊഴിലാളികൾ അല്ലാതെ മറ്റാരും ബന്ധപ്പെട്ട് ഒരു സ്ഥലത്തും ഇല്ലാത്തതിനാൽ ആരോടും പരാതി പറയാൻ പോലുമില്ലാത്ത അവസ്ഥയാണ്.
നന്തിയിൽ മാത്രമാണ് ഇതിന്റെ ഒരു ഓഫിസ് പ്രവർത്തിക്കുന്നത്. അവർക്കാകട്ടെ ഇത്തരം വിഷയങ്ങളിൽ ഒരു പ്രതികരണവുമില്ല. കോൺടാക്റ്റിങ് കമ്പനിയായ വഗാഡിന്റെ ടോറസ് ലോറികൾ നിരന്തരം യാത്ര ചെയ്യുന്നതാണ് റോഡ് വേഗം തകരാൻ കാരണമാവുന്നത്. എന്നാൽ, അറ്റകുറ്റപ്പണികൾ നടത്താൻ തയാറാവാത്തതും പ്രയാസം സൃഷ്ടിക്കുന്നു.
നേരത്തേ ദേശീയ പാതയിൽ ഗതാഗത തടസ്സം നീക്കിയിരുന്ന പൊലീസ് അധികൃതരും ഇപ്പോൾ പിൻവാങ്ങിയ അവസ്ഥയാണ്. പൊടി ഉയരുന്നതു കാരണം യാത്രക്കാർ വലിയ വിഷമമാണ് അനുഭവിക്കുന്നത്.
ഇത്തരം സ്ഥലങ്ങളിൽ വെള്ളം തളിച്ച് പൊടിക്ക് ശമനമുണ്ടാക്കാമെങ്കിലും ഇതും നടപ്പിലാകുന്നില്ല. കഷ്ടിച്ച് അരമണിക്കൂർ സമയം കൊണ്ട് നേരത്തേ കൊയിലാണ്ടി -കോഴിക്കോട് യാത്ര സാധ്യമായിരുന്നെങ്കിൽ ഇപ്പോൾ ഒന്നര മണിക്കൂർ ആണ്.
ഗതാഗതക്കുരുക്കിൽ മണിക്കൂറുകളോളം കിടക്കുന്ന ദീർഘദൂര യാത്ര ബസുകൾ ക്രമമില്ലാതെ ഓവർടേക്ക് ചെയ്യുന്നത് പ്രയാസം ഇരട്ടിയാക്കുന്നു.