കോഴിക്കോട് ജില്ല പഞ്ചായത്ത്: സ്പിൽ ഓവറിൽ തടഞ്ഞ് പുതിയ പദ്ധതികൾ
text_fieldsകോഴിക്കോട്: കഴിഞ്ഞ വർഷത്തെ സ്പിൽ ഓവർ കൂടിയതിനാൽ ഇത്തവണ ജില്ല പഞ്ചായത്തിൽ പുതിയ പദ്ധതികൾക്ക് തുകകുറവ്. പദ്ധതി വിഹിതം യഥാസമയം ചെലവഴിക്കാത്തതിനാൽ സ്പിൽ ഓവർ കൂടി 53 കോടി രൂപയിലെത്തിയിരുന്നു. അതിനാൽ ഇത്തവണ പുതിയ പദ്ധതികൾക്കായി 38 കോടി രൂപ മാത്രമാണ് വകയിരുത്തിയത്.
സ്പിൽ ഓവർ ഉൾപ്പെടെ 93 കോടി രൂപയുടെ പദ്ധതികൾ ജില്ല പഞ്ചായത്ത് യോഗം അംഗീകരിച്ചു. 2021- മുതലുള്ള പദ്ധതികളാണ് വിവിധ കാരണങ്ങളാൽ നടക്കാതെ പോയത്. സ്പിൽ ഓവറായതും പുതിയ പദ്ധതികളും ഡിസംബറിനകം പൂർത്തിയാക്കണമെന്നും ഇതിന്റെ ചുമതല ഡിവിഷൻ മെംബർമാർ ഏറ്റെടുക്കണമെന്നും യോഗത്തിൽ തീരുമാനമായി.
പ്രസിഡന്റ് മില്ലി മോഹൻ അധ്യക്ഷത വഹിച്ചു. പശ്ചാത്തലം, കൃഷി, സേവനം, മെയിന്റൻസ് ഗ്രാൻഡ്, പട്ടിക വിഭാഗം തുടങ്ങി വിവിധ മേഖലകളിലായാണ് പദ്ധതികൾക്ക് രൂപം നൽകിയത്. പദ്ധതി വകയിരുത്തലുമായി ബന്ധപ്പെട്ട് യോഗത്തിൽ വാക്കുതർക്കം നടന്നു. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് ഇടതു മെംബർമാരുടെ ഡിവിഷനിൽ രണ്ടും മൂന്നും കോടി രൂപ വകയിരുത്തിയപ്പോൾ യു.ഡി.എഫ് മെംബർമാരുടെ അംഗങ്ങളുടെ വാർഡിൽ നാമമാത്ര ഫണ്ടാണ് വകയിരുത്തിയതെന്നു യു.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.
ഇങ്ങനെ ഒരു അംഗത്തിന്റെ ഡിവിഷനിൽ വകയിരുത്തിയ മൂന്നു കോടി രൂപ ഇപ്പോഴും ചെലവഴിച്ചില്ലെന്നും രാജേഷ് ജോസ് മാസ്റ്റർ പറഞ്ഞു. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അവസാന ഗഡു നൽകാത്തതു പദ്ധതി നിർവഹണത്തെ ബാധിച്ചതായി പി.ജി. മുഹമ്മദും പറഞ്ഞു. ഇത്തവണത്തെ ഡി.പി.സി അംഗീകാരം ലഭിച്ച പ്രവൃത്തി ടെൻഡർ നൽകിയാൽ ഡിസംബറിനകം പൂർത്തിയാക്കാനുള്ള ഉത്തരവാദിത്തം മെംബർമാരും നിർവഹണ ഉദ്യോഗസ്ഥരും ഏറ്റെടുക്കണമെന്നു വൈസ് പ്രസിഡന്റ് കെ.കെ.നവാസ് പറഞ്ഞു.
സ്ഥിരം സമിതി അധ്യക്ഷൻമാരായ മുനീർ എരവത്ത്, റീമ കുന്നുമ്മൽ, പി.ബൽക്കീസ്, കെ.ബാലാമണി, മെംബർമാരായ ഇ.അനൂപ്, പി.സി.ഷീബ, പി.ശാരുതി, കെ.പി.മുഹമ്മദൻസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.


