വൈദ്യുതിയും എത്തും, ഭൂമിക്കടിയിലൂടെ
text_fieldsകോഴിക്കോട്: സ്മാർട്ടായിക്കൊണ്ടിരിക്കുന്ന നഗരത്തിൽ വൈദ്യുതി വിതരണവും സ്മാർട്ടാക്കാൻ കെ.എസ്.ഇ.ബി നഗരത്തിൽ വൈദ്യുതി വിതരണം ഭൂഗർഭ കേബിളിലേക്ക് മാറ്റുന്നതിന്റെ പൈലറ്റ് പ്രോജക്ടിന് കെ.എസ്.ഇ.ബി അംഗീകാരം നൽകി.
കോഴിക്കോട് നഗത്തിന്റെ ഹൃദയഭാഗത്ത് മുതലക്കുളം- പാളയം, എം.എം. അലി റോഡ്, രാംമോഹൻ റോഡ്, പാവമണി റോഡ് എന്നിവിടങ്ങളിലാണ് ആദ്യഘട്ടത്തിൽ ഭൂഗർഭ കേബ്ൾ നടപ്പാക്കുന്നത്. നാല് റോഡുകളിലൂടെയുള്ള വൈദ്യുതിവിതരണം പൂർണമായും ഭൂമിക്കടിയിലൂടെയാക്കാൻ 26 കോടി രൂപയുടെ പദ്ധതിക്കാണ് കെ.എസ്.ഇ.ബി അംഗീകാരം നൽകിയത്.
അനുമതി ലഭിച്ചാൽ ആറുമാസം
കെ.എസ്.ഇ.ബി അംഗീകരിച്ച പദ്ധതിക്ക് ഇനി ഭരണ-സാങ്കേതിക അനുമതി ലഭിക്കണം. അതു ലഭിച്ചാലുടൻ ടെൻഡർ നടപടികളിലേക്ക് കടക്കും. പിന്നീട് കോർപറേഷൻ, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ അനുമതി ലഭിച്ചാലേ പ്രവൃത്തി തുടങ്ങാനാവു. എല്ലാ നടപടിക്രമങ്ങളും പൂർത്തിയായാൽ ആറു മാസത്തിനകം പ്രവൃത്തി പൂർത്തീകരിക്കാൻ കഴിയുമെന്ന് കെ.എസ്.ഇ.ബി അസി.എൻജിനീയർ പ്രമോദ് പറഞ്ഞു.
മിഠായിത്തെരുവിൽ നടപ്പാക്കിയ രീതിയിലാണ് കോഴിക്കോട്ട് ഭൂഗർഭ കേബ്ൾ ശൃംഖല സ്ഥാപിക്കുക. മിഠായിത്തെരുവിൽ 2017ലെ നവീകരണത്തിന്റെ ഭാഗമായി കേബിളുകളെല്ലാം ഭൂമിക്കടിയിലേക്കുമാറ്റിയിരുന്നു. മിഠായിത്തെരുവ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ടൂറിസം വകുപ്പായിരുന്നു പദ്ധതി നടപ്പാക്കിയത്.
സുന്ദര നഗരം
പദ്ധതി നടപ്പാക്കുന്നതോടെ നഗര സൗന്ദര്യം വർധിപ്പിക്കാനും പ്രസരണ നഷ്ടം കുറക്കാനും സാധിക്കും. വൈദ്യുതി പോസ്റ്റുകളും മുകളിലൂടെയുള്ള ലൈനുകളും കാരണമുണ്ടാകുന്ന അപകടങ്ങൾ കുറയുമെന്നതും പദ്ധതിയുടെ ലഭിക്കുന്ന ആശ്വാസമാണ്. വൈദ്യുതി വിതരണവുമായി ബന്ധപ്പെട്ട് എച്ച്.ടി ലൈനുകൾ, സബ് സ്റ്റേഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇ.എച്ച്.ടി ലൈനുകൾ തുടങ്ങിയവ ഭൂമിക്കടിയിലൂടെയാക്കുന്ന പദ്ധതിക്ക് വർഷങ്ങൾക്കു മുമ്പേ നഗരത്തിൽ തുടക്കംകുറിച്ചിട്ടുണ്ട്.
നിലവിൽ നഗരത്തിൽ പലയിടത്തും ഇത്തരം കേബിളുകൾ ഭൂമിക്കടിയിലൂടെയാണ്. ഇതിനു പിന്നാലെയാണ് വൈദ്യുതി വിതരണം കൂടി ഭൂഗർഭ കേബ്ൾ വഴിയാക്കുന്നത്. പദ്ധതി നടപ്പാവുന്നതോടെ ട്രാൻസ്ഫോർമറുകൾക്കു പകരം കണ്ടെയ്നർ സബ്സ്റ്റേഷൻ നിലവിൽവരും. കടകളിലേക്കും വീടുകളിലേക്കും വൈദ്യുതി വിതരണം ചെയ്യുന്നതിനുള്ള ഫില്ലർ സ്റ്റേഷനുകളും മുകളിൽ കാണും. പദ്ധതി പൂർത്തീകരിച്ചാൽ നഗരത്തിന്റെ മറ്റു ഭാഗങ്ങളിൽകൂടി ഘട്ടംഘട്ടമായി പദ്ധതി നടപ്പാക്കും.