കെ.എസ്.ആർ.ടി.സി ടെർമിനലിന് വീണ്ടും ബലക്ഷയ പരിശോധന: വിദഗ്ധ സംഘം നാളെ എത്തും
text_fieldsകെ.എസ്.ആർ.ടി.സി കോഴിക്കോട് ബസ് സ്റ്റാൻഡ് കെട്ടിടം
കോഴിക്കോട്: കോടികൾ മുടക്കി നിർമിച്ച് നഗരത്തിൽ നോക്കുകുത്തിയായി നിൽക്കുന്ന കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് ടെർമിനലിന്റെ ബലക്ഷയം പരിശോധിക്കാൻ തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘം ചൊവ്വാഴ്ച എത്തും. മദ്രാസ് ഐ.ഐ.ടി സംഘം ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ കെട്ടിടം തിരുവനന്തപുരം എൻജിനീയറിങ് കോളജിലെ വിദഗ്ധ സംഘം പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്ന് ജൂലൈ 28ന് ഹൈകോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സംഘം എത്തുന്നത്.
കെട്ടിടം അറ്റകുറ്റപ്പണി പൂർത്തീകരിച്ച് കൈമാറിയിട്ടില്ലെന്ന് കാണിച്ച് പാട്ടക്കാരായ അലിഫ് ബിൽഡേഴ്സ് നൽകിയ കേസ് പരിഗണിക്കുന്നതിനിടെ ഹരജിക്കാരുടെ തന്നെ അപേക്ഷ പരിഗണിച്ചാണ് ഇടക്കാല ഉത്തരവിട്ടത്. കെട്ടിടം ആരുടെ കൈവശമാണ്, എത്രത്തോളം ബലക്ഷയമുണ്ട്, ഇത് പരിഹരിക്കുന്നതിന് എത്ര തുക വേണം, തുക ആര് വകയിരുത്തും എന്നിവ സംബന്ധിച്ച് സർക്കാറും പാട്ടക്കാരും തമ്മിൽ തർക്കം നിലവിലുണ്ട്. ഈ സാഹചര്യത്തിൽ കെട്ടിടത്തിന്റെ തകരാർ പരിഹരിക്കുന്നതിന് ആവശ്യമായ തുക നിശ്ചയിക്കുന്നതിന് പി.ഡബ്ല്യു.ഡിയെയോ തിരുവനന്തപുരം ഗവ. എൻജിനീയറിങ് കോളജിനെയോ ചുമതലപ്പെടുത്തണമെന്ന് അലിഫ് ബിൽഡേഴ്സ് ആവശ്യപ്പെടുകയായിരുന്നു.
പാട്ടത്തിനെടുത്ത കെട്ടിടം തങ്ങൾക്ക് കൈമാറിയിട്ടില്ലെന്നാണ് അലിഫിന്റെ വാദം. കെട്ടിടത്തിന് ബലക്ഷയമുണ്ടെന്ന് മദ്രാസ് ഐ.ഐ.ടി സംഘം കണ്ടെത്തിയത് കരാർ ഒപ്പിട്ട ശേഷമാണ്. കെട്ടിടം ബലപ്പെടുത്തുന്നതിന് 35 കോടി വരുമെന്നാണ് ഐ.ഐ.ടി റിപ്പോർട്ട്. കെ.ടി.ഡി.എഫ്.സി ഈ തുക ചെലവഴിച്ച് കെട്ടിടം ബലപ്പെടുത്തി കൈമാറണമെന്നാണ് അലിഫിന്റെ വാദം. എന്നാൽ, ടെർമിനൽ നിലവിലെ അവസ്ഥയിലാണ് കൈമാറിയതെന്നും തുടർന്നുള്ള അറ്റകുറ്റപ്പണി കരാറുകാർ നടത്തണമെന്നുമാണ് സർക്കാർ വാദം.
പാട്ടക്കരാർ ഒപ്പുവെച്ച 2021 ആഗസ്റ്റ് 26 മുതൽ ടെർമിനലിൽ കരാർ പ്രകാരം അനുവദിക്കപ്പെട്ട സ്ഥലം പാട്ടക്കാരുടെ കൈവശമാണ്. ടെർമിനലിൽനിന്ന് പാർക്കിങ് ഫീസും ശൗചാലയങ്ങളിൽനിന്ന് ഫീസും പിരിക്കുന്നത് അലിഫ് ആണെന്നും കെട്ടിടം കൈമാറിയിട്ടില്ലെന്ന വാദം തെറ്റാണെന്നുമാണ് സർക്കാർ വാദം. 65 കോടി മുടക്കി നിർമിച്ച ടെർമിനൽ ബലപ്പെടുത്താൻ 35 കോടി ചെലവഴിക്കണമെന്നതും ആക്ഷേപത്തിനിടയാക്കുന്നുണ്ട്.


