ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 1.45 ലക്ഷം തട്ടി
text_fieldsകുന്ദമംഗലം: ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്ത് 1.45 ലക്ഷം തട്ടിയതായി പരാതി. ചാത്തമംഗലം സ്വദേശി ജലീലിനാണ് പണം നഷ്ടപ്പെട്ടത്. ജൂലൈ 23ന് രാവിലെ 9.26നാണ് പണം നഷ്ടപ്പെട്ടത്. കോഴിക്കോട് മെഡിക്കൽ കോളജിൽ മരുന്നുകടയിൽ ജോലി ചെയ്യുന്ന ജലീലിന് കോവൂരിലുള്ള കാത്തലിക് സിറിയൻ ബാങ്കിലുള്ള അക്കൗണ്ടിൽനിന്നാണ് പണം നഷ്ടപ്പെട്ടത്.
ഇദ്ദേഹത്തിന് പാർട്ണർഷിപ് ബിസിനസുള്ള മറ്റൊരു സ്ഥാപനത്തിൽനിന്ന് ജൂലൈ 22ന് ലാഭവിഹിതമായ 1.50 ലക്ഷം രൂപ ഈ അക്കൗണ്ടിലേക്ക് വന്നിരുന്നു. തൊട്ടടുത്ത ദിവസം ഇദ്ദേഹത്തിന്റെ കുന്ദമംഗലത്തുള്ള കേരള ഗ്രാമീൺ ബാങ്ക് അക്കൗണ്ടിലേക്ക് ഈ പണം മൊബൈൽ ആപ് വഴി മാറ്റാൻ ശ്രമിച്ചു. എന്നാൽ, പണം മാറ്റാൻ കഴിയാതെ ട്രാൻസാക്ഷൻ എറർ എന്ന് കാണിച്ചു. അക്കൗണ്ട് ബാലൻസ് ചെക്ക് ചെയ്തപ്പോഴാണ് പണം നഷ്ടപ്പെട്ടതായി കാണുന്നത്.
ട്രാൻസാക്ഷൻ ഐ.ഡിയും പേമെന്റ് ഗേറ്റ് വേ ഓപ്ഷൻ മുഖേനയാണ് പണം പിൻവലിച്ചതെന്നും ഒരാഴ്ചക്കു ശേഷം നെറ്റ് ബാങ്കിങ് വഴി പണം ഉപയോഗിച്ച് പർച്ചേസ് ചെയ്തതായാണ് കാണാൻ സാധിക്കുന്നതെന്നുമാണ് ബാങ്ക് അധികൃതർ നൽകിയ വിശദീകരണം.
പണം മറ്റൊരു മർച്ചന്റ് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തതായാണ് കാണിക്കുന്നതെന്നും അത് ഒരു അക്കൗണ്ട് അല്ലാത്തതിനാൽ ഫ്രീസ് ചെയ്യാൻ സാധിക്കില്ലെന്നും അവരുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സൈബർ സെൽ അധികൃതർ അറിയിച്ചു. ബാങ്കിലും സൈബർ സെല്ലിലും പരാതി നൽകിയ ജലീലിന് പണം തിരിച്ചു ലഭിക്കുമെന്ന ഒരുറപ്പും ലഭിച്ചിട്ടില്ല.