സൈക്കിളിൽ കോളാമ്പി കെട്ടി ഒരു ‘നൊസ്റ്റാൾജിക്’ പ്രചാരണം
text_fieldsഅബൂക്ക സൈക്കിളിൽ കോളാമ്പി കെട്ടി പ്രചാരണത്തിനിടെ
കുന്ദമംഗലം: തെരഞ്ഞെടുപ്പിൽ വേറിട്ട പ്രചാരണവുമായി അബൂക്ക എന്ന അബു കളരിക്കണ്ടി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ വീണ്ടും ജനവിധി തേടുന്ന പടനിലം രണ്ടാം വാർഡിലാണ് അബൂക്കയുടെ ഒറ്റയാൾ പ്രചാരണം.
സൈക്കിളിൽ കോളാമ്പി മൈക്ക് കെട്ടി, സ്ഥാനാർഥിയുടെ പ്രചാരണ പോസ്റ്ററുമായി നാടാകെ സഞ്ചരിക്കുകയാണ് അബൂക്ക. പഴയ കാലത്ത് ഇതുപോലെയുള്ള പ്രചാരണമുണ്ടായിരുന്നുവെന്ന് പുതുതലമുറക്ക് കാണാൻകൂടിയാണ് ഈ വ്യത്യസ്ത പ്രചാരണം. പുതുതലമുറ ഇദ്ദേഹത്തിന്റെ പ്രചാരണം അത്ഭുദത്തോടെയാണ് വീക്ഷിച്ചത്.
പണ്ട് സൈക്കിളിൽ കോളാമ്പി കെട്ടി റാന്തൽ വിളക്കുമായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയ രീതികൾ ഓർക്കുകയാണ് പഴയകാല നാടകനടൻകൂടിയാണ് അബൂക്ക.
വ്യത്യസ്ത പ്രചാരണം കണ്ട് ഫോട്ടോഗ്രാഫർ വിനിലാൽ പിലാശ്ശേരി ഫോട്ടോ പകർത്തിയതോടെ അബൂക്ക നാട്ടിലാകെ വൈറലായി. സ്ഥാനാർഥിക്കും സഹപ്രവർത്തകർക്കും അബൂക്കയുടെ പ്രചാരണം ആവേശമായി. നാട്ടിൽ കൂലിപ്പണി എടുത്ത് ജീവിക്കുകയാണ് ഇടതുപക്ഷ അനുഭാവികൂടിയായ അബൂക്ക.


