സ്വന്തമായി കളിസ്ഥലത്തിനായി കൈകോർത്ത് ഒരു ഗ്രാമം
text_fieldsസരിലയ മ്യൂസിക് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുരിക്കത്തൂരിന്റെ ആഭിമുഖ്യത്തിൽ കളിയിടത്തിനായുള്ള സ്വാഗതസംഘ രൂപവത്കരണ യോഗം പി.ടി.എ.
റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
കുന്ദമംഗലം: ‘നാടിനായ് ഒരു കളിക്കളം വരും തലമുറക്കായ് ഒരു കരുതൽ’ സന്ദേശവുമായി സരിലയ മ്യൂസിക് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് കുരിക്കത്തൂർ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ 11ാം വാർഡിൽ കളിസ്ഥലം നിർമിക്കാൻ മുന്നിട്ടിറങ്ങുന്നു. സ്വന്തമായി ഒരു കളിസ്ഥലം എന്ന നാട്ടുകാരുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കളിക്കാൻ ഉതകുന്ന പൊതുസ്ഥലങ്ങൾ ഇവിടെ ഇല്ല എന്നുതന്നെ പറയാം. സ്വകാര്യ വ്യക്തികളുടെ വലിയ പറമ്പുകളായിരുന്നു കളിയിടങ്ങൾ.
അത്തരം പറമ്പുകൾ അന്യമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സരിലയയുടെ നേതൃത്വത്തിൽ ഒരേക്കർ സ്ഥലം വാങ്ങാൻ തീരുമാനിച്ച് മുന്നിട്ടിറങ്ങുന്നത്. ഏകദേശം 30 ലക്ഷത്തോളം ചെലവ് പ്രതീക്ഷിക്കുന്ന കളിയിടത്തിനായുള്ള സ്വാഗതസംഘ രൂപവത്കരണ യോഗം പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. എം.എം. സുധീഷ് കുമാർ രൂപരേഖ അവതരിപ്പിച്ചു. ക്ലബ് പ്രസിഡന്റ് ബി.എസ്. ജിജിൻ അധ്യക്ഷത വഹിച്ചു.
കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി, പഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽകുന്നുമ്മൽ, വൈസ് പ്രസിഡന്റ് വി. അനിൽ കുമാർ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു.സി. പ്രീതി, ബ്ലോക്ക് പഞ്ചായത്ത് അംഗം ബാബു നെല്ലൂളി, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ. ബാപ്പു ഹാജി, വ്യാപാരി വ്യവസായി സമിതി ജില്ല പ്രസിഡന്റ് സൂര്യ ഗഫൂർ, പ്രസാദ് വി. ഹരിദാസ്, ജില്ല ജൂനിയർ ഫുട്ബാൾ ടീം കോച്ച് നിയാസ് റഹ്മാൻ, സബ്ജൂനിയർ കോച്ച് നവാസ് റഹ്മാൻ, യൂസഫ് പാറ്റേൺ, കുന്ദമംഗലം കോഓപറേറ്റിവ് റൂറൽ ബാങ്ക് പ്രസിഡന്റ് കെ.സി. രാമചന്ദ്രൻ, ജിതേഷ്, മൂസകുട്ടി, കെ. സുധീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
യു.സി. പ്രീതി ചെർമാനും എം.എം. സുധീഷ് കുമാർ കൺവീനറുമായ 101 അംഗ സ്വാഗതസംഘ കമ്മിറ്റി രൂപവത്കരിച്ചു. സ്ഥലം വാങ്ങൽ ധനശേഖരണാർഥം നടത്തുന്ന സമ്മാന പദ്ധതിയുടെ ഉദ്ഘാടനം സൂര്യ ഗഫൂറിന് നൽകി എം.എൽ.എ നിർവഹിച്ചു. ക്ലബ് സെക്രട്ടറി കെ.ടി. നിതിൻ സ്വാഗതവും സ്പോർട്സ് കൺവീനർ എൻ. ബിനീഷ് നന്ദിയും പറഞ്ഞു.