അപകടാവസ്ഥയിൽ വരിയട്ട്യാക്ക് ബസ് കാത്തിരിപ്പ് കേന്ദ്രം
text_fieldsകുന്ദമംഗലം വരിയട്ട്യാക്കിലുള്ള പഴകി പൊളിഞ്ഞു വീഴാറായ
ബസ് കാത്തിരുപ്പ് കേന്ദ്രം
കുന്ദമംഗലം: പൊളിഞ്ഞു വീഴാറായ വരിയട്ട്യാക്കിലെ ബസ് കാത്തിരിപ്പു കേന്ദ്രം അപകട ഭീഷണിയിൽ. കുന്ദമംഗലം ഭാഗത്തേക്ക് വരുന്നിടത്തെ ബസ് കാത്തിരിപ്പ് കേന്ദ്രമാണ് അപകടാവസ്ഥയിൽ ആയത്. വർഷങ്ങൾക്ക് മുമ്പ് തന്നെ പൊളിഞ്ഞു വീഴാറായ ബസ് കാത്തിരിപ്പു കേന്ദ്രമാണ് കഴിഞ്ഞ ദിവസം വീണ്ടും തകർന്നത്. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പിൻഭാഗമാണ് പൊളിഞ്ഞു വീണത്.
നേരത്തെ ഇതിന്റെ മുകൾ ഭാഗത്തുള്ള പഴകിയ സിമന്റ് ഭാഗങ്ങൾ അടർന്നു വീണിരുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉൾഭാഗത്ത് നടുവിലുള്ള മതിലും മാസങ്ങൾക്ക് മുമ്പ് പൊളിഞ്ഞു വീണിരുന്നു. തിരക്കേറിയ റോഡിലൂടെ നിരവധി വാഹനങ്ങളും യാത്രക്കാരും പോകുമ്പോൾ പഴകിയ ബാക്കി ഭാഗം റോഡിലേക്ക് വീഴുമോ എന്നുള്ള ആശങ്കയിലാണ് നാട്ടുകാർ. ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പഴക്കവും അപകടവും അറിയാത്ത യാത്രക്കാർ കഴിഞ്ഞ ദിവസം വരെ അതിനുളിൽ കയറിയിട്ടുണ്ട് എന്നും പൊളിച്ചു മാറ്റാൻ നിരവധി തവണ പരാതി നൽകിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല എന്നും നാട്ടുകാർ പറഞ്ഞു.
കുന്ദമംഗലം പഞ്ചായത്ത് 13ാം വാർഡ് കോൺഗ്രസ് കമ്മിറ്റി നാട്ടുകാർക്ക് അപകട മുന്നറിയിപ്പ് നൽകി ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ ബാനർ സ്ഥാപിച്ചു. കമ്മിറ്റിയുടെ നേതൃത്വത്തിൽ നിലം പൊത്താറായ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയിരുന്നു. ഇനിയും ജനങ്ങളുടെ ജീവന് വില കല്പിക്കാതെ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റാതിരുന്നാൽ പഞ്ചായത്ത് സെക്രട്ടറിയെ വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിക്കുമെന്ന് പ്രസിഡന്റ് ടി. ഷനോജ് പറഞ്ഞു.
എന്നാൽ, മൂന്ന് മാസങ്ങൾക്ക് മുമ്പ് അപകട ഭീഷണിയിൽ ഉള്ള ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റാൻ ബോർഡ് മീറ്റിങിൽ ആവശ്യപെട്ടിരുന്നു എന്നും അന്ന് തന്നെ അസി. എൻജിനീയർ സ്ഥലം സന്ദർശിച്ചു പൊളിച്ചു മാറ്റാൻ തീരുമാനം എടുത്തിരുന്നു എന്നും വാർഡ് മെംബർ സി.എം. ബൈജു പറഞ്ഞു. വ്യാഴാഴ്ച എ.ഇ, ഓവർസിയർ എന്നിവരുടെ നേതൃത്വത്തിൽ വീണ്ടും സ്ഥലം സന്ദർശിക്കുകയും രണ്ട് ദിവസത്തിനുള്ളിൽ അപകടാവസ്ഥയിലായ ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റുമെന്നും വാർഡ് മെംബർ ബൈജു പറഞ്ഞു. അപകടം ഉണ്ടാകുന്നതിനുമുമ്പ് ബസ് കാത്തിരിപ്പ് കേന്ദ്രം പൊളിച്ചു മാറ്റി പുതിയ കേന്ദ്രം പണിയണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.