കാൽപ്പന്തുകളിയെ നെഞ്ചിലേറ്റിയ ചന്ദ്രൻ ഓർമയായി
text_fieldsകളിക്കളത്തിൽ ജഴ്സിയണിഞ്ഞ് ചന്ദ്രൻ (നിൽക്കുന്നവരിൽ ഇടത്തേയറ്റം)
കുന്ദമംഗലം : ഫുട്ബാൾ ജീവിതമാക്കിയ ചെത്തുകടവ് പുതുശ്ശേരിപ്പറമ്പിൽ ചന്ദ്രൻ എന്ന ചാർളി ഓർമയായി. കാണികൾക്ക് ആവേശം നൽകുന്ന അസാമാന്യ പന്തടക്കത്തിലൂടെയാണ് ചന്ദ്രൻ ഗ്രൗണ്ടിൽ നാട്ടുകാരുടെ ചാർളിയായത്. വർഷങ്ങളായി കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും നടക്കുന്ന എല്ലാ ഫുട്ബാൾ ടൂർണമെന്റിലും ചന്ദ്രന്റെ സാന്നിധ്യമുണ്ടായിരുന്നു. 1980കളുടെ തുടക്കത്തിലാണ് ചന്ദ്രന്റെ ഫുട്ബാളിലെ അരങ്ങേറ്റം. അന്നത്തെ പ്രമുഖ ക്ലബ് ആയ സാറ്റലൈറ്റ് ചെത്തുകടവിനുവേണ്ടി നയൻസ് ഫുട്ബാൾ ടൂർണമെന്റിലാണ് തുടക്കം. പിന്നീട് പ്രതിഭ വലിയപൊയിൽ, സാന്റോസ് കുന്ദമംഗലം, സരിലയ, ഇൻഡിപെൻഡൻസ് ക്ലബ്, കെ.ആർ.എസ്, യങ് ഇന്ത്യ തുടങ്ങി വിവിധ ക്ലബുകൾക്കുവേണ്ടി കളിച്ചു. വെറ്ററൻ ലീഗിലും കളിച്ചിട്ടുണ്ട്. ചെത്തുകടവിലുള്ള ഗ്രാമപഞ്ചായത്ത് മിനി സ്റ്റേഡിയത്തിന്റെ സംരക്ഷണ സമിതി ഭാരവാഹിയായിരുന്നു. സാമ്പത്തിക ശേഷിയില്ലാത്ത കുട്ടികൾക്ക് ബാളും ബൂട്ടും വാങ്ങി നൽകുമായിരുന്നു.
ചെത്തുകടവ് ചന്ദ്രന്റെ നിര്യാണത്തിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കുന്ദമംഗലത്ത് സർവകക്ഷി അനുശോചന യോഗം നടത്തി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനിൽകുമാർ അധ്യക്ഷതവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ, സ്ഥിരംസമിതി അധ്യക്ഷൻ ചന്ദ്രൻ തിരുവലത്ത്, ലീന വാസുദേവൻ, ബാബു നെല്ലൂളി, എം.എം. സുധീഷ് കുമാർ, സി.വി. സംജിത്ത്, സി. യൂസഫ്, രവീന്ദ്രൻ കുന്ദമംഗലം, നിയാസ് റഹ്മാൻ, പി.പി. ഷിനിൽ, മുഹമ്മദ് പടാളിയിൽ, കെ. കാദർ, അസൈൻ പന്തീർപാടം, സജീവൻ, മൂസക്കോയ, വിനയകുമാർ, കെ.ടി. നിതിൻ എന്നിവർ സംസാരിച്ചു.
സെവൻ സ്പോർട്സ് എഫ്.സിയുടെ സീനിയർ കോച്ചായ ചന്ദ്രൻ ചെത്തുകടവിന്റെ നിര്യാണത്തിൽ അനുശോചനയോഗം ചേർന്നു. നിയാസ് റഹ്മാൻ അധ്യക്ഷതവഹിച്ചു. മുഹൈമിൻ നീലാറമ്മൽ, നവാസ് റഹ്മാൻ, കാദർ കുന്ദമംഗലം, ഷൈജു താമരശ്ശേരി, നന്ദകുമാർ, സലാം കാരന്തൂർ, സുനിൽദാസ് കുന്ദമംഗലം, നൗഫൽ ബഷീർ, എൻ.പി. ഫാസിർ എന്നിവർ സംസാരിച്ചു. മൂസക്കോയ പെരിങ്ങളം സ്വാഗതവും ഇർഷാദ് നന്ദിയും പറഞ്ഞു.


