ഒടുവിൽ അധികൃതരുടെ ഇടപെടൽ; നാട്ടുകാർക്ക് ആശ്വാസം
text_fieldsകുന്ദമംഗലം മുക്കം റോഡിൽ എടക്കണ്ടിയിൽ ഭാഗത്ത് പൊട്ടിയ ജൽജീവൻ പൈപ്പ് അറ്റകുറ്റപ്പണി നടത്തുന്നു
കുന്ദമംഗലം: അഗസ്ത്യൻമൂഴി-കുന്ദമംഗലം സംസ്ഥാന പാതയിൽ എടക്കണ്ടിയിൽ ഭാഗത്ത് പൊട്ടിയ ജൽജീവൻ പൈപ്പ് ഒടുവിൽ അധികൃതർ നന്നാക്കി. പൈപ്പ് പൊട്ടി വെള്ളം ആഴ്ചകളോളം റോഡിലൂടെ ഒഴുകിയുണ്ടായ നാട്ടുകാരുടെ ദുരിതം കഴിഞ്ഞ ദിവസം ‘മാധ്യമം’ വാർത്ത നൽകിയിരുന്നു. ശേഷമാണ് അധികൃതരുടെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായത്. നാട്ടുകാർ പലതവണ പരാതി നൽകിയിരുന്നു.
ഈ ഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകുന്നത് നിത്യ സംഭവമാണ്. സംസ്ഥാന പാതയിലൂടെ ഒഴുകുന്ന വെള്ളം തൊട്ടടുത്ത പുൽപ്പറമ്പിൽ-തേവർക്കണ്ടി റോഡിലേക്കാണ് എത്തുന്നത്. ഇത് ഈ റോഡിലൂടെ സഞ്ചരിക്കുന്ന പ്രദേശവാസികൾക്കും നാട്ടുകാർക്കും കച്ചവട സ്ഥാപനങ്ങൾക്കും ഏറെ ദുരിതം സൃഷ്ടിച്ചിരുന്നു. അടിക്കടി ഇവിടെ പൈപ്പ് പൊട്ടുന്നത് എന്തുകൊണ്ടാണെന്നതാണ് നാട്ടുകാർ ചോദിക്കുന്നത്. നന്നാക്കിയ പൈപ്പ് ഇനിയും പൊട്ടില്ലെന്ന ആശ്വാസത്തിലാണ് നാട്ടുകാർ.


