പെരിങ്ങൊളം അരിയോറ മലയിൽ അടിക്കാടിന് തീപിടിച്ചു
text_fieldsപെരിങ്ങൊളം അരിയോറ മലയിൽ അടിക്കാടിന് പിടിച്ച തീ അഗ്നിരക്ഷസേന അണക്കുന്നു
കുന്ദമംഗലം: പെരിങ്ങൊളം അരിയോറ മലയിൽ അടിക്കാടിന് തീപിടിച്ചു. വ്യാഴാഴ്ച രാവിലെയാണ് സംഭവം. പ്രദേശത്തെ ഏക്കർകണക്കിന് അടിക്കാടുകൾ കത്തിനശിച്ചു. പെരുവയൽ പഞ്ചായത്തിലെ രണ്ടാംവാർഡിൽപെട്ട സ്ഥലമാണ് അരിയോറ മല.
വെള്ളിമാട്കുന്ന് അഗ്നിരക്ഷ നിലത്തിൽനിന്ന് രണ്ട് യൂനിറ്റ് അഗ്നിരക്ഷസേന എത്തിയാണ് തീയണച്ചത്. രാവിലെ മുതൽ തീപിടിത്തമുണ്ടായിരുന്നുവെന്ന് വാർഡ് മെംബർ സുഹറ പറഞ്ഞു. കനത്ത വെയിലിൽ ചൂട് കൂടിയതുകൊണ്ടും കാറ്റിലുമാണ് തീപിടിത്തമുണ്ടായതെന്നാണ് കരുതുന്നതെന്നും അവർ പറഞ്ഞു. ഉച്ചക്ക് ഒന്നോടെ തുടങ്ങിയ അഗ്നിരക്ഷസേനയുടെ തീയണക്കൽ വൈകീട്ട് ആറുവരെ നീണ്ടു. ആമകളടക്കം നിരവധി ജന്തുക്കൾ ചത്തു.
മലയുടെ താഴ് വാരങ്ങളിൽ നിരവധി വീടുകളുണ്ടെങ്കിലും തീ അവിടേക്ക് പടരുന്നത് നിയന്ത്രിക്കാൻ അഗ്നിരക്ഷസേനക്ക് കഴിഞ്ഞു. വെള്ളിമാട്കുന്ന് അഗ്നിരക്ഷ നിലയത്തിലെ സ്റ്റേഷൻ ഓഫിസർ റോബി വർഗീസിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ. നൗഷാദ്, ടി. ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ജമാലുദ്ദീൻ, ജിതേഷ്, മുഹമ്മദ് സാനിജ്, ഹോംഗാർഡുമാരായ ചന്ദ്രൻ, വിവേക്, സിവിൽ ഡിഫൻസ് അംഗങ്ങളായ ഷമീർ, വിനീത്, ഡ്രൈവർമാരായ സതീഷ്, സെന്തിൽ എന്നിവർ ചേർന്നാണ് തീയണച്ചത്.
തീയണച്ച് അഗ്നിരക്ഷസേന മടങ്ങിയതിന് പിന്നാലെ രാത്രിയിൽ വീണ്ടും അരിയോറ മലയിൽ തീപിടുത്തമുണ്ടയി. ഒമ്പതുമണിയോടെ അഗ്നിരക്ഷസേന തിരിച്ചെത്തി. തീ ആളിക്കത്തുന്നുണ്ട്. നിലവിൽ നിയന്ത്രണവിധേയമാണെന്ന് അഗ്നിരക്ഷസേന അറിയിച്ചു.