ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: രണ്ടാംപ്രതി അറസ്റ്റിൽ
text_fieldsകുന്ദമംഗലം: ഇസ്രായേലിൽ നഴ്സിങ് ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് കുന്ദമംഗലം സ്വദേശിനിയുടെ പണം തട്ടിയ കൊടുങ്ങല്ലൂർ സ്വദേശി മേക്കാട്ട് പറമ്പിൽ ആൽവിൻ ജോർജിനെ (30) കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. നഴ്സായി ജോലി ചെയ്തുവരുന്ന യുവതിയോട് ഇസ്രായേലിൽ ജോലി വാങ്ങിത്തരാമെന്ന് പറഞ്ഞ് യുവതിയുടെയും ഭർത്താവിന്റെയും പക്കൽനിന്ന് ഗൂഗ്ൾപേ വഴിയും അല്ലാതെയുമായി 10,85,000 രൂപ കൈവശപ്പെടുത്തി ജോലി നൽകാതെ തട്ടിപ്പ് നടത്തുകയായിരുന്നു എന്നാണ് പരാതി.
കഴിഞ്ഞ ദിവസം നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ കുന്ദമംഗലത്തുവെച്ച് എസ്.ഐ ബാലകൃഷ്ണനും സംഘവും കേസിലെ രണ്ടാം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വയനാട് സ്വദേശിയായ ഒന്നാം പ്രതിക്ക് വേണ്ടി അന്വേഷണം നടത്തിവരുകയാണെന്ന് എസ്.ഐ ബാലകൃഷ്ണൻ പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.