ഗ്രാമപഞ്ചായത്തുകൾ പണം നൽകിയില്ല; പ്രതിസന്ധിയിൽ കുടിവെള്ള പദ്ധതി
text_fieldsകുന്ദമംഗലം: കോഴിക്കോട് ജില്ലയിലെ എട്ട് പഞ്ചായത്തുകൾക്ക് വേണ്ടി നടപ്പാക്കുന്ന താന്നിക്കോട് മല കുടിവെള്ള പദ്ധതി അനിശ്ചിതത്വത്തിൽ. താമരശ്ശേരി, പുതുപ്പാടി, കട്ടിപ്പാറ എന്നീ പഞ്ചായത്തുകൾ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിഹിതം നൽകാത്തതാണ് പദ്ധതിയെ പ്രതിസന്ധിയിലാക്കിയത്. ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ താന്നിക്കോട് മല കേന്ദ്രമാക്കി നിർമിക്കുന്ന കുടിവെള്ള പദ്ധതിക്ക് 701 കോടി രൂപയുടെ ഭരണാനുമതിയാണ് ലഭ്യമാക്കിയിട്ടുള്ളത്. ചാത്തമംഗലം, മടവൂർ, കിഴക്കോത്ത്, ഉണ്ണികുളം, താമരശ്ശേരി, കോടഞ്ചേരി, പുതുപ്പാടി, കട്ടിപ്പാറ എന്നീ പഞ്ചായത്തുകളിലെ എല്ലാ വീടുകളിലും ശുദ്ധീകരിച്ച കുടിവെള്ളമെത്തിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ജൽജീവൻ മിഷന്റെ ഭാഗമായി നടത്തുന്ന ഈ പ്രവൃത്തിയിൽ 224 കിലോമീറ്റർ വിതരണ ശൃംഖല സ്ഥാപിക്കാനുള്ളതിൽ 140 കിലോമീറ്റർ സ്ഥാപിച്ചു കഴിഞ്ഞിട്ടുണ്ട്. ഈ പദ്ധതിക്കുള്ള ടാങ്ക് നിർമാണത്തിനും പ്രസ്തുത സ്ഥലത്തേക്കുള്ള വഴിയുടെ ആവശ്യത്തിനുമായി 106.43 സെന്റ് സ്ഥലം ഏറ്റെടുക്കാനുള്ള തുക ഗ്രാമപഞ്ചായത്തുകൾ തങ്ങളുടെ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിക്കണമെന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്.
ചാത്തമംഗലം 13,50,165, മടവൂർ 8,80,216, കിഴക്കോത്ത് 9,21,185, ഉണ്ണികുളം 18,90,496, താമരശ്ശേരി 12,14,755, കോടഞ്ചേരി 10,01,025, പുതുപ്പാടി 17,29,706, കട്ടിപ്പാറ 5,92,323 എന്നിങ്ങനെയാണ് പഞ്ചായത്തുകൾ നൽകേണ്ട വിഹിതം. ഈ തുക ചാത്തമംഗലം ഗ്രാമപഞ്ചായത്ത് ആരംഭിച്ച അക്കൗണ്ടിലേക്ക് നിക്ഷേപിക്കണം. എന്നാൽ, മൂന്ന് പഞ്ചായത്തുകൾ തുക നൽകാൻ തയാറാവാത്തത് പദ്ധതി നടപ്പാക്കുന്നതിന് തടസ്സമായിരിക്കുകയാണ്. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പി.ടി.എ. റഹീം എം.എൽ.എയുടെ ചോദ്യത്തിന് രേഖാമൂലം നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പണം നൽകുന്നതിൽ ഏതെങ്കിലും പഞ്ചായത്തുകൾ വിമുഖത പ്രകടിപ്പിച്ചിട്ടുണ്ടോ എന്ന എം.എൽ.എയുടെ ചോദ്യത്തിന് താമരശ്ശേരി, പുതുപ്പാടി, കട്ടിപ്പാറ എന്നീ ഗ്രാമപഞ്ചായത്തുകളുടെ പഞ്ചായത്ത് റോഡുകളുടെ പുനരുദ്ധാരണം നടന്നു വരുകയാണെന്നും അത് പൂർത്തീകരിച്ചാൽ മാത്രമേ പണം നൽകുകയുള്ളൂ എന്നും ഈ പഞ്ചായത്തുകൾ അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.