അപകട ഭീഷണിയായി കൈവരിയിലെ ഇരുമ്പ് സ്റ്റാൻഡുകൾ
text_fieldsകുന്ദമംഗലം അങ്ങാടിയിൽ ചെടിച്ചട്ടികൾ വെക്കാൻ സ്ഥാപിച്ച ഇരുമ്പ് സ്റ്റാൻഡുകൾ.
അപകടം ഒഴിവാക്കാനായി കമ്പികളിൽ പ്ലാസ്റ്റിക് കുപ്പികൾ വെക്കുന്നത് കാണാം
കുന്ദമംഗലം: അങ്ങാടിയിലെ കൈവരിയിലെ ഇരുമ്പ് സ്റ്റാൻഡുകൾ അപകട ഭീഷണിയുയർത്തുന്നു. അങ്ങാടി സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൈവരിയിൽ ചെടിച്ചട്ടികൾ സ്ഥാപിക്കുന്നതിനായി വെച്ചുപിടിപ്പിച്ച ഇരുമ്പ് സ്റ്റാൻഡുകളാണ് അപകട ഭീഷണിയായത്. കുന്ദമംഗലം ടൗണിൽ ഇരു ഭാഗത്തുമുള്ള കൈവരിയിലാണ് ഏതാണ്ട് രണ്ടുവർഷംമുമ്പ് ചെടിച്ചട്ടികൾ സ്ഥാപിച്ചത്. ചെടിച്ചട്ടികൾ വെക്കാനായി ഇരുമ്പ് കമ്പികൾ കൊണ്ട് ഉണ്ടാക്കിയ സ്റ്റാൻഡ് സ്ഥാപിച്ചിരുന്നു.
നിലവിൽ ചെടിച്ചട്ടികൾ മിക്കവയും നശിപ്പിക്കപ്പെട്ടു. എന്നാൽ, ഇരുമ്പ് സ്റ്റാൻഡുകൾ അവിടെ നശിക്കാതെ കിടക്കുന്നു. നാലു ഭാഗത്തേക്കും കൂർത്തു നിൽക്കുന്ന സ്റ്റാൻഡിലെ ഇരുമ്പ് കമ്പികൾ കാൽനടക്കാർക്ക് പ്രയാസം സൃഷ്ടിക്കുന്നു. നാട്ടുകാർക്കും വിദ്യാർഥികൾക്കുമായി നിരവധി പേർക്ക് പരിക്കേറ്റു.
തിരക്കേറിയ അങ്ങാടിയിൽ നടപ്പാതയിലൂടെ ആളുകൾ നടന്നുപോവുമ്പോൾ കൈയിൽ തട്ടിയാണ് അപകടം സംഭവിക്കുന്നത്. വശങ്ങളിലേക്ക് ഉയർന്നുനിൽക്കുന്ന മിക്ക ഇരുമ്പ് കമ്പികളിലും പ്ലാസ്റ്റിക് ബോട്ടിൽ ഇട്ട് താൽക്കാലികമായി അപകടം ഒഴിവാക്കാൻ ശ്രമിച്ചിട്ടുണ്ട്. ഒരു വർഷം മുമ്പ് സ്കൂൾ വിദ്യാർഥിക്കും മറ്റൊരാൾക്കും പരിക്കേറ്റപ്പോൾ അധികൃതർ അത് മാറ്റി സുരക്ഷിതമായത് സ്ഥാപിക്കാൻ ഏജൻസിക്ക് നിർദേശം നൽകുമെന്ന് പറഞ്ഞെങ്കിലും ഇരുമ്പ് സ്റ്റാൻഡുകൾ അപകടക്കെണിയൊരുക്കി അവിടെത്തന്നെയുണ്ട്.
കൃത്യമായ പരിപാലനം ഇല്ലാത്തതാണ് ചെടിച്ചട്ടികൾ നശിപ്പിക്കപ്പെടാൻ കാരണമെന്ന് നാട്ടുകാർ പറഞ്ഞു. സ്റ്റാൻഡായി ഉപയോഗിച്ച ഇരുമ്പ് കമ്പികൾ എടുത്തുമാറ്റി അപകട സാധ്യത ഒഴിവാക്കണമെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം, രണ്ടാഴ്ചക്കകം മുഴുവൻ ഇരുമ്പ് സ്റ്റാൻഡുകളും എടുത്തുമാറ്റുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിജി പുൽക്കുന്നുമ്മൽ പറഞ്ഞു. സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി ആധുനിക രീതിയിൽ ചെടിച്ചട്ടികൾ സ്ഥാപിക്കുമെന്നും അവർ പറഞ്ഞു.
കുന്ദമംഗലം അങ്ങാടിയിൽ ചെടിച്ചട്ടികൾ സ്ഥാപിക്കാൻ വെച്ചുപിടിപ്പിച്ച ഇരുമ്പ് ഫ്രെയിമുകൾ പൊതുജനത്തിന് ഭീഷണിയാവുന്നുവെന്ന് വെൽഫെയർ പാർട്ടി കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. അവിടെ ചെടിച്ചട്ടികൾ സ്ഥാപിക്കുകയോ അല്ലെങ്കിൽ ഇരുമ്പ് ഫ്രെയിമുകൾ എടുത്തുമാറ്റുകയോ ചെയ്യണമെന്നും പാർട്ടി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് ഇ. അമീൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. അബ്ദുൽ ഹമീദ്, എം.പി. അഫ്സൽ, എം.സി. അബ്ദുൽ മജീദ്, കെ.സി. സലീം എന്നിവർ സംസാരിച്ചു.