കുന്ദമംഗലത്ത് ‘ലഘു മേഘവിസ്ഫോടനം’; ലഭിച്ചത് 89.60 മില്ലിമീറ്റർ മഴ
text_fieldsകുന്ദമംഗലം: കഴിഞ്ഞദിവസം പെയ്ത കനത്തമഴ കുന്ദമംഗലത്ത് ലഘു മേഘവിസ്ഫോടനമായി. തിങ്കളാഴ്ച കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും മിന്നലോട് കൂടിയ ശക്തമായ മഴ ലഭിച്ചിരുന്നു. സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ നിന്ന് ലഭിച്ച ഡേറ്റ പ്രകാരം തിങ്കളാഴ്ച കുന്ദമംഗലത്ത് 89.60 മില്ലിമീറ്റർ മഴ ലഭിച്ചു. വൈകീട്ട് 4.45നും 5.45നും ഇടക്ക് ഏതാണ്ട് 50 മില്ലിമീറ്റർ (അഞ്ച് സെന്റിമീറ്റർ) മഴ ലഭിച്ചിട്ടുണ്ടെന്ന് സി.ഡബ്ല്യു.ആർ.ഡി.എം ശാസ്ത്രജ്ഞ അനില അലക്സ് പറഞ്ഞു. ഇതിനെ ലഘു മേഘവിസ്ഫോടനമായി കണക്കാക്കാം.
ഒരുമണിക്കൂർ നേരംകൊണ്ട് ഒരുപ്രദേശത്ത് അഞ്ച് സെന്റിമീറ്റർ മഴ ലഭിച്ചാൽ ലഘു മേഘവിസ്ഫോടനവും 10 സെന്റിമീറ്റർ മഴ ലഭിച്ചാൽ മേഘവിസ്ഫോടനവുമായാണ് കണക്കാക്കുന്നത്.
കഴിഞ്ഞ ദിവസത്തെ കനത്തമഴയിൽ കുന്ദമംഗലത്തും പരിസര പ്രദേശങ്ങളിലും വലിയ രീതിയിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. വെള്ളം കുത്തിയൊലിച്ച് റോഡിലും മറ്റും കല്ലുകളും ചളിയും അടിഞ്ഞുകൂടി. ആനപ്പാറ-വിരുപ്പിൽ റോഡിൽ മതിൽ ഇടിഞ്ഞു. പലയിടത്തും വീടിന് മുന്നിൽ ചളി അടിഞ്ഞുകൂടി. ചൊവ്വാഴ്ചയും കുന്ദമംഗലത്ത് ശക്തമായ മഴ ലഭിച്ചു.


