വ്യാപാര മേളയുടെ അവശിഷ്ടം പറമ്പിൽ, കൊതുക് ശല്യത്തിൽ നാട്ടുകാർ ദുരിതത്തിൽ
text_fieldsകുന്ദമംഗലത്ത് വയനാട് റോഡിൽ വ്യാപാര മേള കഴിഞ്ഞ സ്ഥലത്ത് മാലിന്യം നിറഞ്ഞ നിലയിൽ
കുന്ദമംഗലം: അടുത്തിടെ നടന്ന വ്യാപാര മേളയുടെ അവശിഷ്ടങ്ങൾ അതേ സ്ഥലത്ത് തള്ളിയത് പ്രദേശവാസികൾക്ക് ദുരിതമാവുന്നു. വയനാട് റോഡിൽ ബി.എസ്.എൻ.എൽ ഓഫിസിന് തൊട്ടടുത്ത് റോഡരികിലെ മേള നടന്ന പറമ്പിലാണ് മേളക്കാര് ഉപയോഗിച്ച പ്ലാസ്റ്റിക് പൊതികളും ഭക്ഷണാവശിഷ്ടങ്ങളും തള്ളിയത്.
ഈ പറമ്പിൽ മഴ തുടങ്ങിയതു മുതൽ വെള്ളം കെട്ടിനിൽക്കുകയാണ്. മേളക്ക് ഉപയോഗിച്ച ഷെഡിന്റെ ബാക്കിവന്ന പ്ലാസ്റ്റിക് ഷീറ്റുകളും മറ്റും കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് ഉപേക്ഷിച്ചത്. ഇതേത്തുടർന്ന് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നതായി പ്രദേശവാസികൾ പരാതിപ്പെടുന്നു.
മാലിന്യം നീക്കം ചെയ്യാതെ വീണ്ടും തള്ളിയതിനെത്തുടർന്ന് പ്രദേശത്ത് കൊതുക് പെരുകിയതിനാൽ സമീപത്തെ വീടുകളിൽ താമസിക്കാൻ പറ്റാത്ത അവസ്ഥയാണ്. ഡെങ്കിപ്പനി, വൈറല് പനി ഭീഷണിയും ഉയർന്നിട്ടുണ്ട്. മേള കഴിഞ്ഞിട്ട് രണ്ടു മാസത്തോളമായി. പഞ്ചായത്തിൽ പണമടച്ച് 45 ദിവസത്തേക്ക് അനുമതി വാങ്ങിയാണ് മേള സംഘടിപ്പിച്ചത്. എന്നാൽ, പഞ്ചായത്തിലെ കടകളിൽനിന്ന് ഹരിത കർമസേനക്കാർ മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും മേളക്കാർ പറമ്പിൽ തള്ളി പോവുകയായിരുന്നു. ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പഞ്ചായത്ത് തയാറാവണമെന്ന് കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷതവഹിച്ചു. ജനറൽ സെക്രട്ടറി എം. ബാബുമോൻ, സി. അബ്ദുൽ ഗഫൂർ, യു.സി. മൊയ്തീൻ കോയ, പി. അബുഹാജി, കെ. ബഷീർ, ഷിഹാബ് പൈങ്ങോട്ടുപുറം, സി.പി. ശിഹാബ് എന്നിവർ സംസാരിച്ചു.