കഞ്ചാവ് ഉപയോഗം; പൊലീസ് ബസ് തടഞ്ഞ് ഡ്രൈവറെ പിടികൂടി
text_fieldsബസ് ഡ്രൈവർ ഷവിൻ ലാൽ
കുന്ദമംഗലം: സ്വകാര്യ ബസ് ഡ്രൈവറുടെ കൈയിൽനിന്ന് കഞ്ചാവ് പിടികൂടി. കഴിഞ്ഞ ദിവസം വൈകീട്ട് 6.10നാണ് കോഴിക്കോട്-തിരുവമ്പാടി റൂട്ടിലോടുന്ന ബസ് വയനാട് റോഡ് ജങ്ഷനിൽ തടഞ്ഞുനിർത്തി പൊലീസ് പരിശോധന നടത്തിയത്. ബസ് ഡ്രൈവർ സൗത്ത് കൊടുവള്ളി ഗോപുരം വീട്ടിൽ കെ. ഷവിൻ ലാലിന്റെ (33) കൈയിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്. ബസ് കസ്റ്റഡിയിലെടുത്തു.
ബസ് ഡ്രൈവർ മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയിച്ച ഒരാൾ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുന്ദമംഗലം സബ് ഇൻസ്പെക്ടർ നിധിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് പാളയത്തുനിന്ന് ഉപയോഗത്തിനായി വാങ്ങിയതാണെന്ന് ഇയാൾ പറഞ്ഞതായി പൊലീസ് പറഞ്ഞു. ഗ്രേഡ് എസ്.ഐ ടി. ബൈജു, എസ്.സി.പി.ഒ വിപിൻ എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു.