കുത്തകവിടാതെ റഹീം
text_fieldsകുന്ദമംഗലത്ത് ജയിച്ച എൽ.ഡി.എഫിന്റെ പി.ടി.എ. റഹീം ലോ കോളജിലെ വോട്ടെണ്ണൽ കേന്ദ്രത്തിൽ വിജയാഹ്ലാദത്തിൽ
കോഴിക്കോട്: മൂന്നാമൂഴത്തിലും അജയ്യനായി പി.ടി.എ. റഹീം. ഏതിരാളികൾ ഏതുരൂപത്തിൽ വന്നാലും സ്വതസിദ്ധ ശൈലിയിൽ മലർത്തിയടിക്കുന്ന റഹീമിെൻറ വിജയത്തിന് ഇത്തവണ തിളക്കമേറെ. 10,276 വോട്ടിനാണ് റഹീം ഹാട്രിക് ജയം സ്വന്തമാക്കിയത്.
എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച റഹീം 85,138 വോട്ടും യു.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച ദിനേശ് പെരുമണ്ണ 74,826 വോട്ടും നേടി. ബി.ജെ.പി സ്ഥാനാർഥി വി.കെ. സജീവൻ 27,672 വോട്ടാണ് നേടിയത്.
കഴിഞ്ഞ തവണത്തേക്കാൾ 5030 വോട്ട് ബി.ജെ.പിക്ക് കുറഞ്ഞു. വോട്ടെണ്ണലിെൻറ തുടക്കംമുതൽ റഹീം ലീഡ് നിലനിർത്തി. മുസ്ലിം ലീഗിന് കാര്യമായ സ്വാധീനമുള്ള പഞ്ചായത്തിൽ റഹീം മികച്ച പ്രകടനം കാഴ്ചവെച്ചു.
2001ലും 2006ലും മുസ്ലിം ലീഗിെൻറ യു.സി. രാമൻ ജയിച്ച മണ്ഡലം 2011 മുതലാണ് പി.ടി.എ. റഹീം കൈയടക്കിത്തുടങ്ങിയത്. യു.സി. രാമനെ 3267 വോട്ടിനും സിദ്ദീഖിനെ 11,205 വോട്ടിനുമാണ് തോൽപിച്ചത്. ഇത്തവണ കുന്ദമംഗലത്ത് പൊളിഞ്ഞത് പി.ടി.എ. റഹീമിനെതിരെ നടന്ന ധ്രുവീകരണ തന്ത്രം കൂടിയാണ്.
മുസ്ലിം ലീഗിന് ലഭിച്ച സീറ്റിൽ കോൺഗ്രസിെൻറ ദിനേശ് പെരുമണ്ണയെ സ്വതന്ത്രനായി അവതരിപ്പിച്ചതിനുപിന്നിലെ തന്ത്രമാണ് പാളിയത്.
കഴിഞ്ഞ 10 വർഷം അദ്ദേഹം മണ്ഡലത്തിലുണ്ടാക്കിയ സ്വാധീനം റഹീമിന് തുണയായി.
ധ്രുവീകരണശ്രമം തിരിച്ചറിഞ്ഞ മതേതരവോട്ടുകൾ റഹീമിന് കരുത്താവുകയും ചെയ്തു. 2011ൽ 17,123 വോട്ട് നേടിയ ബി.ജെ.പിയുടെ സി.കെ. പത്മനാഭൻ 2016ൽ വീണ്ടും മത്സരിച്ചപ്പോൾ 32,702 വോട്ട് നേടിയിരുന്നു കുന്ദമംഗലം മണ്ഡലത്തിൽ.
2016ൽ പി.ടി.എ. റഹീമും ടി. സിദ്ദീഖും തമ്മിൽ നടന്ന മത്സരത്തിൽ യു.ഡി.എഫിന് ലഭിക്കേണ്ട വോട്ട് ബി.ജെ.പിക്ക് പോയി എന്ന വിലയിരുത്തലിൽനിന്നുകൂടിയാണ് ദിനേശ് പെരുമണ്ണയെ ലീഗ് കുന്ദമംഗലത്ത് സ്വതന്ത്രനായി അവതരിപ്പിച്ചത്.
അഡ്വ. പി.ടി.എ. റഹീം
കൊടുവള്ളി പീടികത്തൊടികയിൽ ഇസ്മായിൽകുട്ടി ഹാജിയുടെയും അയിഷയുടെയും മകൻ. ഭാര്യ: സുബൈദ. മക്കൾ: മുഹമ്മദ് ഇസ്മായിൽ ഷബീർ, ഫാത്തിമ ഷബ്ന, അയിഷ ഷബ്ജ. മരുമക്കൾ: ഡോ. ജൗഹർ അരീക്കോട്, ഷബീർ വായോളി, നസ്ലി ഫാത്തിമ. 1949 ആഗസ്റ്റ് മൂന്നിന് ജനനം. ബി.കോം, എൽഎൽ.ബി ബിരുദധാരി. 2006ൽ കൊടുവള്ളിയിലും '11 മുതൽ കുന്ദമംഗലത്തും എം.എൽ.എ. കേരള ഹജ്ജ് കമ്മിറ്റി ചെയർമാൻ, അംഗം. 1988-93, 1998-2006 കൊടുവള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി മെംബർ, കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപറേഷൻ, കോഴിക്കോട് താലൂക്ക് ലാൻഡ് ബോർഡ് മെംബർ.