രൂക്ഷമായ കൊതുകുശല്യം: അടിയന്തര നടപടി സ്വീകരിക്കുമെന്ന് അധികൃതർ
text_fieldsകുന്ദമംഗലം: വയനാട് റോഡിലും മറ്റും രൂക്ഷമായ കൊതുക് ശല്യമുള്ള പ്രദേശം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ സന്ദർശിച്ചു. സ്ഥലത്ത് നേരത്തെ തന്നെ ബന്ധപ്പെട്ട അധികൃതർ സന്ദർശനം നടത്തിയിരുന്നുവെന്നും വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട വകുപ്പിന് നിർദേശം നൽകിയിട്ടുണ്ടെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി. സംജിത്ത് പറഞ്ഞു. പൈപ്പ് പൊട്ടിയ വെള്ളം ഓടയിലേക്ക് വരുന്നുണ്ട്. ഇതിന്റെ ഉറവിടം കണ്ടെത്തി അറ്റകുറ്റപ്പണി നടത്താനുള്ള നിർദേശവും നൽകിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എം. ബാബുമോനും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. രൂക്ഷമായ കൊതുക് ശല്യം കാരണം നാട്ടുകാർ ദുരിതത്തിലായ വാർത്ത കഴിഞ്ഞ ദിവസം ‘മാധ്യമം’ നൽകിയിരുന്നു. ആരോഗ്യ വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചിരുന്നുവെന്നും തിങ്കളാഴ്ച വീണ്ടും സ്ഥലം സന്ദർശിക്കുമെന്നും ഹെൽത്ത് ഇൻസ്‌പെക്ടർ എം.ജി. സജീഷ് പറഞ്ഞു. ആവശ്യമെങ്കിൽ ഓടയിലെ സ്ളാബ് നീക്കി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് വയനാട് റോഡ്, മുക്കം റോഡ്, കാരയിൽ, പൂളക്കാംപൊയിൽ, പുത്തലത്ത് തുടങ്ങിയ ഭാഗങ്ങളിൽ അസഹനീയമായ കൊതുക് ശല്യമാണ്. ദർശന റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ അധികൃതർക്ക് പരാതി നൽകിയിരുന്നു.


