തെരുവിലെ അരുമകൾക്ക് കരുതലുമായി ലത ടീച്ചർ
text_fieldsപൂച്ചകൾക്ക് ഭക്ഷണം നൽകുന്ന ലത ടീച്ചർ
കുന്ദമംഗലം: അരുമകളായി മൃഗങ്ങളെ വളർത്തുന്നവരേറെയുണ്ട് നാട്ടിൽ. എന്നാൽ, തെരുവിൽ കഴിയുന്ന ‘അരുമ’കളെ ശല്യമായി കാണുന്നവരാണ് അധികവും. ഇവരിൽ വ്യത്യസ്തയാണ് കുന്ദമംഗലം എ.യു.പി സ്കൂൾ അധ്യാപിക എ. ലത ടീച്ചർ. കഴിഞ്ഞ പത്ത് വർഷത്തിലേറെയായി മിണ്ടാപ്രാണികളായ പൂച്ചകൾക്ക് ഭക്ഷണം കൊടുക്കുകയാണ് ടീച്ചറുടെ ദിനചര്യകളിലൊന്ന്. കുട്ടികൾക്ക് അറിവ് പകർന്നുകൊടുക്കുന്നതുപോലെ തന്നെ പ്രധാനമാണ് അവർക്കിതും. എന്നും വൈകീട്ട് 4.30നുശേഷം അങ്ങാടിയിലും വഴിയോരത്തുമുള്ള പൂച്ചകൾക്ക് ലത ടീച്ചർ ഭക്ഷണം നൽകും. മീൻ മാർക്കറ്റിൽ പോയി വിവിധയിനം മീനുകൾ വാങ്ങിയാണ് പൂച്ചകൾക്ക് നൽകുന്നത്. ചില ഇനം മീൻ മാത്രം തിന്നുന്ന പൂച്ചകളുമുണ്ട് കൂട്ടത്തിൽ. ഈ പൂച്ചകളെയെല്ലാം ലത ടീച്ചർക്ക് അറിയാം.
മണിക്കുട്ടി, മൂസ, ചെമ്പൻ, സുന്ദരി, കുറിഞ്ഞി, ബാലൻ തുടങ്ങിയ പല പേരുകളും ടീച്ചർ പൂച്ചകൾക്ക് നൽകിയിട്ടുണ്ട്. പൂച്ചകൾക്ക് ദിവസവും ഭക്ഷണം കൊടുക്കാൻ ഉള്ളതിനാൽ ഇപ്പോൾ ദൂരത്തെവിടെയും പോകാറില്ല. സ്കൂളിൽനിന്നുള്ള യാത്രകളിൽ വൈകീട്ട് തിരിച്ചെത്താത്തതിനൊന്നും ടീച്ചർ പോകാറില്ല.
മേയ് 31ന് ലത ടീച്ചർ സ്കൂളിൽനിന്ന് വിരമിക്കും. മാസത്തിൽ വലിയൊരു തുക പൂച്ചകളുടെ ഭക്ഷണത്തിനായി ടീച്ചർ മാറ്റിവെക്കാറുണ്ട്. സ്ഥിരമായി പൂച്ചകൾക്ക് ഭക്ഷണം കൊടുക്കാൻ റസാഖ് എന്ന ഓട്ടോക്കാരനെ വിളിച്ചാണ് പോകാറുള്ളത്. ടീച്ചർക്ക് അസുഖമോ എന്തെങ്കിലും അസൗകര്യമോ വന്നാൽ റസാഖ് എല്ലാ പൂച്ചകൾക്കും ഭക്ഷണം എത്തിച്ചുനൽകും. സ്കൂളിന് സമീപത്തുള്ള വീട്ടുകാരും ഭക്ഷണം കൊടുക്കാൻ സഹായിക്കാറുണ്ട്. തനിക്ക് അസുഖമോ മറ്റോ വന്ന് പൂച്ചകൾക്ക് ദിവസവും ഭക്ഷണം കൊടുക്കാൻ പറ്റിയില്ലെങ്കിൽ എന്ത് ചെയ്യുമെന്ന ആശങ്കയുണ്ട് ടീച്ചർക്ക്. ഇതത്രയും മിണ്ടാപ്രാണികളെ സഹായിക്കാനായതിനാൽ തനിക്ക് ദൈവത്തിന്റെ അനുഗ്രഹമുണ്ടാകുമെന്നു ലത ടീച്ചർ പറയുന്നു. ഭർത്താവ്: ടി. ദേവദാസൻ. മക്കൾ: ഡോ. ഇന്ദു, അസി. പ്രഫ. അഞ്ജു.